valakuzikal
ക്യഷിയോഗ്യമാക്കിയവെള്ളക്കുഴികള്‍

പാലിയേക്കര: ജില്ലയിൽ കോൾപ്പാടങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വയലുകളും നെൽക്കൃഷിയും ഉണ്ടായിരുന്ന നെന്മണിക്കരയുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ ആരംഭിച്ച നെൽക്കൃഷി പദ്ധതിയായ നെന്മണി 2020ന്റെ ഞാറു നടിൽ ഉദ്ഘാടനം നാളെ നടക്കും. പഞ്ചായത്തിലെ പുലക്കാട്ടുക്കര, പാലിയേക്കര, തലവണിക്കര പ്രദേശങ്ങൾ ഉൾപ്പെടുന്ന നൂറേക്കർ സ്ഥലത്താണ് കൃഷി ഇറക്കുന്നത്.

കളിമൺ ഖനനവും ഇഷ്ടിക നിർമ്മാണവും മൂലം വയലുകൾ വെള്ളക്കുഴികളായി മാറിയതോടെ പേരിനുപോലും നെൽക്കൃഷി ഇല്ലാത്ത സ്ഥലമായി നെന്മണിക്കര. അരനൂറ്റാണ്ട് മുമ്പ്‌ വിശാലമായ പാടശേഖരങ്ങളുടെയും നെൽക്കൃഷിയുടെയും നാടായിരുന്നു. വെള്ളക്കുഴികളിൽ ആദ്യം പായൽ നിറഞ്ഞു, പിന്നീട് പുല്ല് വളർന്നു. ഇതോടെ വെള്ളക്കുഴികൾ മാലിന്യക്കുഴികളായി. ചണ്ടിയും പുല്ലും ചീഞ്ഞ് ദുർഗന്ധം വമിക്കുന്ന ജലമാണ് കുടിവെള്ള സ്രോതസായ മണലിപ്പുഴയിലേക്ക് തലോർ കായൽ തോട് വഴി ഒഴുകിക്കൊണ്ടിരുന്നത്.

നാളെ രാവിലെ ഒമ്പതിന് പഴയ ദേശീയപാത, കുട്ടിപ്പാലം പരിസരത്ത് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പദ്ധതി ഉദ്ഘാടനം ചെയ്യും. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനാകും. ടി.എൻ. പ്രതാപൻ എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാ പ്രിയ സുരേഷ്, പഞ്ചായത്ത് പ്രസിഡന്റ്, ഷീല മനോഹരൻ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, കൃഷി ശാസ്ത്രജ്ഞർ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. പ്രിൻസിപ്പൽ കൃഷി ഓഫീസർ, കെ. രാധാകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തും.

നെന്മണി 2020
കതിർമണികളും തെളിനീരുറവയും മിഴിവേകിയ നെന്മണിക്കരയുടെ പഴയ പ്രതാപം വീണ്ടെടുക്കാനാണ് നെന്മണി 2020 എന്ന പദ്ധതിക്ക് രുപം നൽകിയത്. ഗ്രാമപഞ്ചായത്ത്, കൊടകര ബ്ലോക്ക് പഞ്ചായത്ത്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ഹരിത കേരള മിഷൻ, കേരള കാർഷിക സർവകലാശാല എന്നിവർ കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്.

മാലിന്യക്കുഴികൾ കൃഷിക്ക് ഉപയുക്തമാക്കുന്ന പ്രവൃത്തിയാണ് മാസങ്ങായി നടന്നിരുന്നത്. കൃഷിയിടങ്ങൾ മൂന്നു വർഷത്തേക്ക് പാട്ടത്തിനെടുത്താണ് കൃഷി നടത്തുന്നത്. അളഗപ്പനഗർ പഞ്ചായത്തിലെ സുവർണ്ണ ഹരിതസേനയുടെ നേതൃത്വത്തിലാണ് കൃഷിയിറക്കൽ. സുവർണ്ണ ഹരിതസേനയ്ക്ക് നേതൃത്വം നൽകുന്ന സുനിത ഷാജുവിന്റെ നേതൃത്വത്തിൽ രണ്ട് മാസമായി നിലമൊരുക്കൽ ആരംഭിച്ചിട്ട്.

ആഴനിർണയവും നിലമൊരുക്കലും

മാങ്കൊമ്പ് കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നെത്തിച്ച ട്രാക്‌സ് എന്ന യന്ത്രത്തിന്റെ സഹായത്തോടെയാണ് വെള്ളക്കുഴികളുടെ ആഴവും അടിത്തട്ടിന്റെ പ്രകൃതവും മനസിലാക്കിയത്. വലിയ മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് നീക്കി. ട്രാക്ടറുകൾ ഉപയോഗിച്ച് ഉഴുതുമറിച്ചു. കുമ്മായം വിതറി നിലം കൃഷി യേഗ്യമാക്കി. ഇതിനിടെ ഞാറ്റടിയും തയ്യാറാക്കി. യന്ത്രവത്കൃത നടീലിന് പറ്റാത്തിടത്ത് കൈ കൊണ്ടുള്ള നടീലാണ് നടത്തുന്നത്. പുഴയിൽ നിന്നും തലോർ കായൽ മണലിത്തോട് വഴി വെള്ളം എത്തിച്ചാണ് ജലസേചനം നടത്തുക. അപ്രാപ്യമെന്ന് കരുതിയ പദ്ധതിയുടെ വിഷമം പിടിച്ച ഘട്ടമായ നില മൊരുക്കൽ പൂർത്തിയായതോടെയാണ് ബന്ധപ്പെട്ടവർക്ക് ആശ്വാസമായത്.