തൃപ്രയാർ : നാട്ടിക ശ്രീനാരായണ കോളേജിലെ അലുമ്നി അസോസിയേഷൻ കോളേജിൽ പഠിച്ചവരിൽ മിശ്രവിവാഹിതരുടെ സംഗമം സംഘടിപ്പിക്കുന്നു. 18 ന് ഉച്ചയ്ക്ക് രണ്ടിന് കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ഇലകൾ മഞ്ഞ പൂക്കൾ പച്ച എന്ന് പേരിട്ട പരിപാടിയിൽ പങ്കെടുക്കാൻ വിവാഹിതരിൽ ഒരാൾ എസ്.എൻ കോളേജിലെ പൂർവ വിദ്യാർത്ഥിയാകണമെന്ന് മാത്രമേ നിർബന്ധമുള്ളൂ. വിവാഹശേഷം സ്വന്തം വിശ്വാസം നിലനിറുത്തുന്നവർക്ക് പരിഗണന നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികളായ പ്രേംലാൽ പൊറ്റെക്കാട്ട്, സി.കെ സുഹാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 50ൽ അധികം മിശ്രവിവാഹിതർ പങ്കെടുക്കും. നവാഗതനുള്ള സംസ്ഥാന അവാർഡ് ജേതാവ് ഷാനവാസ് കെ ബാവക്കുട്ടി, ജില്ലാ പഞ്ചായത്തംഗം ശോഭ സുബിൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. വിനു, ഷിജിത്ത് വടക്കുംഞ്ചേരി, കെ.വി അശോകൻ, എ.വി സതീഷ്, ബൾക്കീസ് ബാനു എന്നിവർ ചടങ്ങിൽ മുഖ്യസാന്നിദ്ധ്യമായിരിക്കും. പ്രൊഫ. വി.എ ഫിറോസ്, ടി.കെ ഹരിദാസ്, പി.എം ശരത്കുമാർ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.