തൃശൂർ: രാജ്യവ്യാപകമായി നടക്കുന്ന ഏഴാമത് സാമ്പത്തിക സെൻസസിന്റെ ജില്ലാതല പ്രവർത്തനങ്ങൾക്ക് തൃശൂർ കളക്ടറേറ്റിൽ നിന്ന് തുടക്കമായി. കളക്ടറേറ്റിനെ സംബന്ധിച്ച വിവരങ്ങൾ ജില്ലാ കളക്ടർ എസ്. ഷാനവാസിൽ നിന്നും സി.എസ്.സി നിയോഗിച്ച എന്യൂമറേറ്റർ ശേഖരിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്.
സാമ്പത്തിക സെൻസസിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണമുണ്ടാകണമെന്ന് കളക്ടർ നിർദ്ദേശിച്ചു. സർവേയുടെ വിജയത്തിനായി വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിലും, കടകളിലും വരുന്ന എന്യൂമറേറ്റർമാർക്ക് ശരിയായ വിവരം നൽകി സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസും സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പും കോമൺ സർവീസ് സെന്ററുകളുമാണ് സെൻസസിന് നേതൃത്വം നൽകുന്നത്.
കോമൺ സർവീസ് സെന്ററുകൾ മുഖേന തെരഞ്ഞെടുക്കപ്പെട്ട എന്യൂമറേറ്റർമാരാണ് സർവേ നടത്തുന്നത്. എല്ലാ വീടുകളും കടകളും സംരംഭങ്ങളും സ്ഥാപനങ്ങളും തെരഞ്ഞെടുക്കപ്പെട്ട എന്യൂമറേറ്റർമാർ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുകയും മൊബൈൽ ആപ്പ് മുഖേന അപ്‌ലോഡ് ചെയ്യുകയും ചെയ്യും. കേന്ദ്ര സർക്കാരിന്റെ സ്ഥിതി വിവരക്കണക്ക് പദ്ധതി നിർവഹണ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് രാജ്യത്ത് സാമ്പത്തിക സെൻസസ് നടക്കുന്നത്.
സമ്പദ്ഘടനയുടെ സമഗ്ര വിശകലനത്തിന് ഉതകുന്ന വിധത്തിലാണ് വിവരം പ്രയോജനപ്പെടുത്തുക. സർവേയിലൂടെ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. കളക്ടറേറ്റിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് റെജി പി. ജോസഫ്, ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ കെ. സുരേഷ് , സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.പി ഷോജൻ, റിസർച്ച് ഓഫീസർ പി.എം ഹബീബുള്ള എന്നിവർ പങ്കെടുത്തു...