തൃശൂർ: ഈ വർഷം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക ജനുവരി 20ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതേതുടർന്ന്, 2020 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയാകുന്ന ഏതൊരാൾക്കും വോട്ടർപട്ടികയിൽ പേര് ചേർക്കാം. കൂടാതെ, തെറ്റ് തിരുത്തൽ, സ്ഥലംമാറ്റം, പേര് നീക്കം ചെയ്യൽ എന്നിവയ്ക്കും അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റിൽ പേര് ചേർക്കാം.
കരട് വോട്ടർപട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കേണ്ട അവസാന തീയതി ഫെബ്രുവരി 14 ആണ്. അപേക്ഷകളും ആക്ഷേപങ്ങളും സംബന്ധിച്ച ഹിയറിംഗും അപ്‌ഡേഷനും ഫെബ്രുവരി 25 ന് പൂർത്തിയാക്കും. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കും.
അർഹരായ മുഴുവൻ വ്യക്തികളെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനും കുറ്റമറ്റതും സുതാര്യവുമായ വോട്ടർപട്ടിക തയ്യാറാക്കുന്നതിനും പിന്തുണ തേടി രാഷ്ട്രീയ പാർട്ടികളുടെ യോഗം കളക്ടറേറ്റിൽ ചേർന്നു. 2015ലെ പൊതുതിരഞ്ഞെടുപ്പിന് ഉപയോഗിച്ചതോ അല്ലെങ്കിൽ അതിന് ശേഷം ഉപതിരഞ്ഞെടുപ്പ് നടന്ന വാർഡുകളിലെ പട്ടികയോ അടിസ്ഥാനമാക്കിയാണ് വോട്ടർപട്ടിക പുതുക്കുന്നതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ യോഗത്തിൽ അറിയിച്ചു.
2015ലെ വോട്ടർപട്ടികയ്ക്ക് പകരം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർപട്ടിക അടിസ്ഥാനമാക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർപട്ടിക നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ തയാറാക്കിയതാണെന്ന് കമ്മിഷൻ വ്യക്തമാക്കി. ഈ വോട്ടർപട്ടിക പഞ്ചായത്തിലെ വാർഡ് തലത്തിലേക്ക് രൂപപ്പെടുത്തുകയെന്നത് പ്രായോഗികമല്ലാത്തതും സങ്കീർണ്ണവും വലിയ ആശയക്കുഴപ്പങ്ങൾക്ക് ഇടവരുത്തുന്നതുമാണെന്നാണ് കമ്മിഷന്റെ നിലപാട്. കൂടാതെ സംസ്ഥാനത്ത് ഒട്ടാകെ 34,388 വാർഡുകളിലേക്ക് ഇപ്രകാരം വോട്ടർപട്ടിക തയാറാക്കുന്നത് വലിയ അളവിൽ പണവും സമയവും അപഹരിക്കുന്ന പ്രക്രിയയാണെന്നും വിശദീകരിച്ചു. ജില്ലാ കളക്ടർ എസ്. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർ കെ. കൃപ, കക്ഷിനേതാക്കളായ പി.കെ. ഷാജൻ (സി.പി.എം), ബി. ബാലചന്ദ്രൻ (സി.പി.ഐ), കെ.വി. ദാസൻ (കോൺഗ്രസ് ഐ), എം.വി സുലൈമാൻ (ഐ.യു.എം.എൽ) എന്നിവർ പങ്കെടുത്തു...