തൃശൂർ : ട്രാഫിക് ബോധവത്കരണവും കർശനമായ നിയമ സംവിധാനവും നിലനിൽക്കുമ്പോഴും ജില്ലയിൽ വാഹനാപകടങ്ങളിൽ നിരത്തുകളിൽ പൊലിഞ്ഞു വീഴുന്നവരുടെ എണ്ണം ദിനം പ്രതി ഏറുന്നു. മരണത്തേക്കാൾ നിരവധി മടങ്ങ് ആളുകൾ ഗുരുതരമായ പരിക്കേറ്റ് കഴിയുന്നു. കഴിഞ്ഞ വർഷം സിറ്റി പൊലീസ് പരിധിയിൽ 210 പേരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റവരുടെ എണ്ണം 1641 ആണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന റോഡ് സുരക്ഷാ വാരാചരണത്തോട് അനുബന്ധിച്ച് തൃശൂർ സിറ്റി പൊലീസാണ് വാഹനാപകട വിവരങ്ങളുടെ കണക്ക് പുറത്ത് വിട്ടത്. ഇന്ത്യയിൽ പ്രതിവർഷം 1.5 ലക്ഷം പേർ റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നതായാണ് കണക്കുകൾ. റോഡ് ഗതാഗതം സുഗമവും സുരക്ഷിതവുമാക്കാൻ ഓരോ യാത്രികരും ഉത്തരവാദികളാണെന്നും പൊലീസ് പറയുന്നു. ഒന്നരലക്ഷത്തോളം അപകട കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്.
ഹെൽമറ്റ് ധരിക്കാത്തവരാണ് ഭൂരിഭാഗവും അപകടത്തിൽപ്പെട്ടത്. അതുകൊണ്ട് തന്നെ കോടതി ഉത്തരവ് പ്രകാരം വാഹനം ഓടിക്കുന്നവർക്കും പിന്നിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കാനുള്ള ശ്രമത്തിലാണ് മോട്ടോർ വാഹന വകുപ്പ്.
സിറ്റി പൊലീസ് പരിധിയിലെ റോഡപകട കണക്ക്
മരണമടഞ്ഞവർ -210
ഗുരുതര പരിക്കേറ്റവർ -1641
ഗുരുതരമല്ലാത്ത പരിക്കേറ്റവർ -853
വസ്തുവഹകൾക്ക് നാശനഷ്ടം സംഭവിച്ചത് 117
ഗതാഗത നിയമലംഘനത്തിന് ഈടാക്കിയ പിഴത്തുക - 4.40 കോടി
ട്രാഫിക് നിയമ ലംഘനത്തിന് രജിസ്റ്റർ ചെയ്ത കേസുകൾ - 1.70 ലക്ഷം
മദ്യപിച്ച് വാഹനമോടിച്ചത് - 3924
അമിത വേഗത - 19,681
ഹെൽമറ്റ് ധരിക്കാത്തത് -52,734
ഓവർ ലോഡ് - 14,453
നിയമവിരുദ്ധ പാർക്കിംഗ് - 20,974
ഹെൽമറ്റ് ബോധവത്കരണം
തൃശൂർ : ട്രാഫിക് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് തൃശൂർ സിറ്റി പൊലീസ് പരിധിയിലെ 24 സ്റ്റേഷനുകളിലും ഹെൽമറ്റ് ബോധവത്കരണം നടത്തി. ഇന്നലെ രാവിലെ 10 മുതൽ 11 വരെ സീറോ ആക്‌സിഡന്റ് മണിക്കൂറായി പരിഗണിച്ച് മുഴുവൻ പൊലീസ് സ്റ്റേഷൻ പരിധികളിലും ട്രാഫിക് പരിശോധന നടത്തി. ബോധവത്കരണ ലഘുലേഖകൾ വിതരണം ചെയ്തു. തൃശൂർ നഗരത്തിലെ പരിപാടിക്ക് സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ നേതൃത്വം നൽകി. വാഹന പരിശോധനയ്ക്കിടെ ഹെൽമറ്റ് ധരിക്കാതെ കണ്ട ഇരുചക്രവാഹന യാത്രികർക്ക് കമ്മിഷണർ സൗജന്യമായി ഹെൽമറ്റുകൾ സമ്മാനിച്ചു. അഡീഷണൽ ഡി.സി.പി. പി. വാഹിദ്, തൃശൂർ എ.സി.പി. വി.കെ രാജു, സ്‌പെഷൽ ബ്രാഞ്ച് എ.സി.പി എസ്. ഷംസുദ്ദീൻ, ടൗൺ ഈസ്റ്റ് എസ്.എച്ച്.ഒ. പി.പി. ജോയ് തുടങ്ങിയവർ പങ്കെടുത്തു.
അടുത്ത ദിവസം മുതൽ നടപടി
ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കുകയും പിന്നിലിരുന്ന് യാത്ര ചെയ്യുന്നവർക്കെതിരെയും നടപടി കർശനമാക്കും. പട്രോളിംഗ് കർശമാക്കാനും തീരുമാനിച്ചിട്ടുണ്ട്
വി.കെ രാജു, എ.സി.പി തൃശൂർ