plot-

കയ്പമംഗലം: നികത്തലും, നിർമ്മാണ പ്രവർത്തനങ്ങളും പാടില്ലെന്ന ഹൈക്കോടതി സ്‌റ്റേ ഓർഡർ ഉത്തരവ് മറികടന്ന് നികത്തലും , നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നെന്ന് പരാതി. മതിലകം പഞ്ചായത്തിലെ കൂളിമുട്ടം എമ്മാട് 15 ാം വാർഡിലാണ് സ്വകാര്യ വ്യക്തി ഒരു ഏക്കറോളം വരുന്ന പാടം ഭൂമാഫിയകൾ പ്ലോട്ടുകളാക്കി തിരിച്ച് നിർമ്മാണപ്രവർത്തനം നടത്തുന്നത്. വർഷങ്ങളായി നല്ല നിലയിൽ നെൽക്കൃഷിയും മറ്റും നടന്നിരുന്ന പാടശേഖരമാണിത്.

രണ്ടു വർഷം മുമ്പ് വിൽപ്പനയ്ക്കായി പ്ലോട്ടുകളാക്കി തിരിച്ചിരുന്നു. ഇതിനെതിരെ ഈ സ്ഥലത്തിനടുത്ത് താമസിക്കുന്ന പ്രദേശവാസിയായ ആലേക്കാട്ട് ശ്രീനിവാസനും നാട്ടുകാരും രംഗത്ത് വന്ന് വില്ലേജ് ഓഫീസ്, കൊടുങ്ങല്ലൂർ താഹസിൽദാർ, മതിലകം പഞ്ചായത്ത്, കൃഷിഭവൻ, മതിലകം പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതി നൽകി.

ഇതേത്തുടർന്ന് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകി. തുടർന്നും പാടം നികത്തലും, നിർമ്മാണ പ്രവൃത്തിയും തുടർന്നതായി ശ്രീനിവാസൻ പറഞ്ഞു. ഇതിനെതിരെയാണ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. കോടതി ഇതിന് സ്‌റ്റേ പുറപെടുവിച്ചു. എന്നാൽ കേസ് നിലനിൽക്കെ പാടം പ്ലോട്ടുകളാക്കി തിരിച്ച് പലർക്കും വിറ്റെന്ന് ശ്രീനിവാസൻ പറയുന്നു.

അവരെക്കൊണ്ട് വീടു പണിയിക്കാനും ശ്രമം തുടങ്ങി. പാടം വാങ്ങിച്ചവർ തറ കെട്ടുന്നതറിഞ്ഞ് ശ്രീനിവാസൻ വീണ്ടും വാങ്ങിച്ചവരെ കക്ഷികളാക്കി കോടതിയിൽ പുതിയ പെറ്റീഷൻ നൽകി. അതിൻമേലും കോടതി സ്‌റ്റേ ഉത്തരവിറക്കി.

സ്‌റ്റേ ഓർഡർ നിലനിൽക്കെ കോടതിയുടെ അവധി സമയത്ത് മതിലകം പഞ്ചായത്ത് ഭരണസമിതിയുടെയും, രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും ഒത്താശയോടെ നിർമ്മാണത്തിലിരുന്ന വീടിന്റ തറയിൽ മണ്ണിട്ട് നികത്തുകയും, മേൽവാർക്ക പൂർത്തീകരിക്കുകയും ചെയ്തെന്നാണ് പരാതി. ഇതിനെതിരെ കോടതിയിൽ നിയമ ലംഘനത്തിന് പുതിയ കേസ് ഫയൽ ചെയ്തിട്ടുണ്ട്. തനിക്കെതിരെ നിരവധി കള്ള കേസെടുത്തതായും ശ്രീനിവാസൻ പറയുന്നു. കൃഷി മന്ത്രി വി.എസ് സുനിൽകുമാറിന്റെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്തിയിട്ടുണ്ടെന്ന് ശ്രീനിവാസൻ പറയുന്നു.

..................

ഇത് പാട ശേഖരമല്ല. ഡാറ്റാ ബാങ്കിൽ പെടാത്ത നഞ്ച ഭൂമിയാണ് . അതുകൊണ്ടാണ് വീടില്ലാത്ത നിർദ്ധനരായ ഒരു കുടുംബത്തിന് 4 സെന്റിൽ വീട് പണിയുന്നതിന് അനുമതി നൽകിയത്. പരാതിക്കാരന് അവിടെ സ്ഥലം ലഭിക്കാതെ വന്നപ്പോഴാണ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നത്..

ഇ.ജി സുരേന്ദ്രൻ
മതിലകം പഞ്ചായത്ത് പ്രസിഡന്റ്

............


നികത്തുന്നതിനെതിരെ മുമ്പത്തെ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയതിന് ശേഷം ഈയടുത്ത കാലത്തൊന്നും നികത്തലുകൾ നടന്നിട്ടില്ല. നാല് സെന്റ് സ്ഥലത്ത് പാവപെട്ട ഒരു കുടുംബമാണ് വീടുപണിയുന്നത്.

വില്ലേജ് ഓഫീസർ