പുതുക്കാട്: പൂർണ്ണമായി ഫാസ്ടാഗ് നടപ്പിലാക്കുന്നതിന് മുൻപ് 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാഹന ഉടമകളുടെ സൗജന്യ ഫാസ്ടാഗ് വിഷയത്തിൽ സർക്കാർ തീരുമാനം എടുക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 23ന് നിയോജകമണ്ഡലത്തിൽ രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ ജനകീയ പണിമുടക്ക് നടത്തുമെന്ന് ടോൾ ഉപസമിതി ചെയർമാൻ അഡ്വ. ജോസഫ് ടാജറ്റ്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.എൽ. ജോസ് മാസ്റ്റർ, കൺവീനർ സോമൻ മുത്രത്തിക്കര എന്നിവർ അറിയിച്ചു.
18 മാസം സമയം ലഭിച്ചിട്ടും കേരള ഹൈക്കോടതി പറഞ്ഞിട്ടും ടോളിന്റെ പരിധിയിൽപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ സർക്കാർ ഇടപെടണമെന്ന് പ്രമേയം പാസ്സാക്കിയിട്ടും തദ്ദേശീയരുടെ സൗജന്യ ഫാസ് ടാഗ് സംബന്ധിച്ച് തീരുമാനം എടുക്കാത്തത് പ്രതിഷേധാർഹമാണ്. സർക്കാർ തീരുമാനം എടുക്കാത്തതിനാൽ പ്രാദേശിക വാസികൾക്ക് ടോളിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവിക്കേണ്ടിവരികയാണ്. സമരങ്ങളും നിയമ പോരാട്ടങ്ങളും നടത്തിയിട്ടും ടോളിന്റെ പരിധിയിലുള്ള രണ്ട് മന്ത്രിമാർ, ചീഫ് വിപ്പ്, മൂന്ന് എം.എൽ.എമാർ എന്നിവർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്.
ജനുവരി 15ന് ഫാസ് ടാഗ് തുടങ്ങിയപ്പോൾ ഉണ്ടായ വൻ കുരുക്ക് സർക്കാരിന്റെ സൃഷ്ടിയാണ്. പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിച്ച് ജനപ്രതിനിധികൾ മുന്നോട്ട് പോകുന്നതിൽ സഹികെട്ടാണ് ജനകീയ പണിമുടക്കിന് യു.ഡി.എഫ് നിർബന്ധിതരായത്. ജനുവരി 23ന് കടകമ്പോളങ്ങൾ, സ്ഥാപനങ്ങൾ, കലാലയങ്ങൾ എന്നിവ അടച്ചിട്ടും വാഹനങ്ങൾ നിരത്തിലിറക്കാതെയും ജോലിക്ക് ഹാജരാകാതെയും ജനകീയ പണിമുടക്കിൽ കക്ഷി ഭേദമില്ലാതെ എല്ലാവരും പങ്കാളികളാകണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു. ഇനിയും പൊതു സമൂഹം സൗജന്യ വിഷയത്തിൽ പ്രതികരിച്ചില്ലെങ്കിൽ സമാന്തര പാത അടച്ചു കെട്ടിയതിന് പരിഹാരമായി ഉമ്മൻചാണ്ടി സർക്കാർ നൽകിയ സൗജന്യം നഷ്ടമാകുമെന്ന് നേതാക്കൾ പറഞ്ഞു.