ibrahim

എരുമപ്പെട്ടി: പൗരത്വം തെളിയിക്കാൻ രേഖകൾ തേടി വൃദ്ധ ദമ്പതികളായ ഇബ്രാഹിമും മറിയകുട്ടിയും മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലെത്തി. ഇബ്രാഹിം പ്രാഥമിക പഠനം നടത്തിയ വേലൂർ ആർ.എം.എൽ.പി സ്കൂളിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുവാനാണ് പിതാവിന്റെ ജന്മനാടായ വേലൂരിലെത്തിയത്.

76 കാരനായ ഇബ്രാഹിമും 65 കാരിയായ മറിയക്കുട്ടിയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം 30 വർഷമായി മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ചിപ്ളൂണിലാണ്.

1944 ൽ ഗോവയിൽ ജനിച്ച ഇബ്രാഹിമിന് ജനനവും വയസും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഇല്ല. കുട്ടിക്കാലത്ത് കുറച്ച് വർഷം പിതാവ് നാലകത്ത് അബ്ദുൾ റഹ്മാന്റെ വേലൂരിലുള്ള തറവാട്ടിൽ താമസിച്ചിരുന്ന ഇബ്രാഹീം വേലൂർ ആർ.എം.എൽ.പി സ്കൂളിൽ ഒന്ന് മുതൽ മൂന്ന് വരെ പഠിച്ചിരുന്നു. 1953-54 കാലഘട്ടത്തിലെ സ്കൂൾ രേഖകൾ തേടിയാണ് ഇബ്രാഹിം ഭാര്യയോടൊപ്പം വേലൂരിലെ ബന്ധുവീടായ നാലകത്ത് അബൂബക്കറിന്റെ വീട്ടിലെത്തിയത്. ഗോവയിൽ ജനിച്ച ഇബ്രാഹിം തൊഴിൽ സംബന്ധമായി കുടുംബ സമേതം മഹാരാഷ്ട്രയിലേക്ക് താമസം മാറി.

പൗരത്വ ഭേദഗതി നിയമം മൂലം പൗരത്വ പട്ടികയിൽ നിന്ന് പുറത്താകുമോയെന്നുള്ള ആശങ്കയിലാണ് ഇവർ. ഏപ്രിൽ മാസത്തോടെ എൻ.ആർ.സി മഹാരാഷ്ട്രയിൽ നടപ്പാക്കുമെന്ന് ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച വിവരം. വോട്ടർ തിരിച്ചറിയൽ കാർഡും, ആധാറും, റേഷൻ കാർഡും ഇവർക്കുണ്ട്. എന്നാൽ ഇതൊന്നും പരിഗണിക്കില്ലെന്നും ജനനസ്ഥലവും വയസും തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേണമെന്നാണ് ഇവർക്ക് ലഭിച്ച വിവരം. സ്കൂൾ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ഇവർ മഹാരാഷ്ട്രയിലേക്ക് മടങ്ങി. ഇത്തരത്തിൽ ഇതര സംസ്ഥാനങ്ങളിൽ സ്ഥിരതാമസമാക്കിയ പല മലയാളി കുടുംബങ്ങളും അടിസ്ഥാന രേഖകൾ സംഘടിപ്പിക്കാൻ കേരളത്തിലെത്തുന്നുണ്ട്.