തൃശൂർ: അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചപ്പോൾ അപസ്വരം ഉയർത്തിയവർ അദ്ദേഹത്തിന്റെ കവിത വായിച്ചിട്ടില്ലാത്തവരാണെന്ന് എസ്.കെ. വസന്തൻ പറഞ്ഞു. വൈലോപ്പിള്ളി സ്മാരക സമിതിയുടെയും എൻ.വി സ്മാരക ട്രസ്റ്റിന്റെയും ഇടശ്ശേരി സ്മാരക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കേരളവർമ കോളേജ് മലയാള വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച അക്കിത്തം കവിതയ്ക്കൊപ്പം ഒരു പകൽ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴ് ദശകമായി മലയാള കവിതയിലെ പ്രമുഖ ധാരകളിലൊന്നായി വർത്തിക്കുന്ന അക്കിത്തം കവിതയിൽ മനസർപ്പിച്ച് വായിക്കുന്നവർക്ക് മനുഷ്യസ്നേഹിയായ മഹാകവിയുടെ സാന്നിദ്ധ്യം അനുഭവപ്പെടാതിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡോ. പി.വി. കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.വി. സജയ്, ഡോ. എം. കൃഷ്ണൻ നമ്പൂതിരി, എം. ഹേമമാലിനി, കെ. ശ്രുതി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. എ.പി ജയദേവൻ, പ്രൊഫ. എം. ഹരിദാസ്, ഡോ. ടി.കെ. കലമോൾ പ്രസംഗിച്ചു.