ചാലക്കുടി: കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ ഫൊറോന പള്ളി, ഇരിങ്ങാലക്കുട രൂപതയുടെ സഹകരണത്തോടെ ജനുവരി 18 മുതൽ 20 വരെ രൂപത കർഷക സംഗമം എക്‌സ്‌പോ- 2020 സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫല വൃക്ഷത്തൈകൾ, വിവിധ കാർഷിക ഉത്പന്നങ്ങൾ, പുരാതനായ കൃഷി ഉപകരണങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന അമ്പതോളം സ്റ്റാളുകളാണ് ഒരുക്കുക. ഓമന വളർത്തുമൃഗങ്ങൾ, പക്ഷികൾ എന്നിവയുടെ പ്രദർശനവുമുണ്ടാകും.
രണ്ടായിരം കിലോ കൂക്കമുള്ള പോത്ത്, 1500 കിലോയുളള കാള, വലിയ ഇനം ആടുകളും മറ്റു നിരവധി മൃഗങ്ങളും പ്രദർശനത്തിനെത്തും. വൈകുന്നേരങ്ങളിൽ ഫുഡ് ഫെസ്റ്റ്, മെഗാമാജിക് ഷോകൾ എന്നിവയും ഒരുക്കും. കാർഷിക ഉത്പന്നങ്ങളുടെ പ്രദർശന മത്സരങ്ങളും നടക്കുന്നുണ്ട്. വിജയികൾക്ക് സമ്മാനങ്ങളും നൽകും. സെന്റ് സെബാസ്റ്റ്യൻ സ്‌കൂൾ പരിസരത്ത് നടക്കുന്ന എക്‌സ്‌പോയുടെ പ്രവേശനം സൗജന്യമാണ്. ശനിയാഴ്ച രാവിലെ നടക്കുന്ന കാർഷിക സെമിനാർ ഇരിങ്ങാലക്കുട വികാരി ജനറാൾ മോൺ. ജോയ് പാലിയേക്കര ഉദ്ഘാടനം ചെയ്യും. കോ- ഓർഡിനേറ്റർ ഫാ. റാഫി ജോസ് അമ്പൂക്കൻ അദ്ധ്യക്ഷനാകും. വൈകീട്ട് 3ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിക്കും.
കാർഷിക എക്‌സ്‌പോയുടെ ഉദ്ഘാടനം ബെന്നി ബെഹന്നാൻ എം.പിയും നിർവ്വഹിക്കും. കുറ്റിക്കാട് ഫോറോന അമ്പുതിരുനാൾ ശതാബ്ദിയാഘോഷങ്ങളുടെ സമാപനം തിങ്കളാഴ്ച വൈകീട്ട് നടക്കും. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ബി.ഡി. ദേവസി എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. കൺവീനർ എം.എ. ദേവസി, എ.എ. ഡേവിസ്, ജിമ്മി പയ്യപ്പിള്ളി, ഡെന്നി പള്ളിപ്പാടൻ, ജോഷി പരിയാടൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.