ഗുരുവായൂർ: റോഡ് ഗതാഗത ബോധവത്കരണത്തിന്റെ ഭാഗമായി ഗുരുവായൂരിൽ പൊലീസിന്റെ നേതൃത്വത്തിൽ സീറോ അവർ പദ്ധതി നടപ്പിലാക്കി. ഗുരുവായൂർ പൊലീസിന്റെയും ടെമ്പിൾ പോലീസിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇരുചക്രവാഹനങ്ങളിൽ ഹെൽമെറ്റ് ധരിക്കാതെയും, കാറുകളിൽ സീറ്റ് ബെൽറ്റ് ധരിയ്ക്കാതെയും യാത്ര ചെയ്തവർക്കായിട്ടായിരുന്നു ബോധവത്കരണം. നിയമ ലംഘനം നടത്തി യാത്ര ചെയ്തവർക്കായി ബോധവത്കരണ ലഘുലേഖയും മധുരവും വിതരണം ചെയ്തു. ഗുരുവായൂരിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഏറ്റവും കൂടുതൽ റോഡപകടം സംഭവിച്ച തൈക്കാട് പള്ളി റോഡിലായിരുന്നു ഗുരുവായൂർ പൊലീസിന്റെ നേതൃത്വത്തിൽ ബോധവത്കരണം നടന്നത്. എസ്.ഐമാരായ കെ.എ. ഫക്രുദ്ദീൻ, കെ.സി. രതീഷ്, കെ.ആർ. പ്രേരാജ് എന്നിവരുടെ നേതൃത്വത്തിൽ ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ഗുരുവായൂർ കിഴക്കേ നടയിൽ മഞ്ജുളാൽ പരിസരത്തായിരുന്നു ടെമ്പിൾ പൊലീസിന്റെ ബോധവത്ക്കരണം. ടെമ്പിൾ സി.ഐ: പ്രേമാനന്ദകൃഷ്ണൻ, എസ്.ഐ: വർഗീസ് എന്നിവർ നേതൃത്വം നൽകി.