പാവറട്ടി: പെരുവല്ലൂർ ഗവ. യു.പി സ്‌കൂളിൽ പുതിയതായി നിർമ്മിച്ച അടുക്കള സമുച്ചയം മുരളി പെരുനെല്ലി എം.എൽ .എ ഉദ്ഘാടനം ചെയ്തു. മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി അദ്ധ്യക്ഷനായി. മുരളി പെരുനെല്ലി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ചിലവഴിച്ചാണ് അടുക്കള സമുച്ചയം നിർമ്മിച്ചത്.
കെട്ടിടത്തിന്റെ നിർമ്മാണം യഥാസമയം പൂർത്തിയാക്കിയ കരാറുകാരൻ ഉസ്മാനെ ചടങ്ങിൽ ആദരിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ പഠനത്തിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള പൂർവ്വ വിദ്യാർത്ഥി ദേവദാസിന്റ മകൾ ഡോ. ദെസ്മി സ്‌പോൺസർ ചെയ്ത മെരിറ്റ് സ്‌കോളർഷിപ്പ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം വികസന സമിതി ചെയർപേഴ്‌സൺ ജെന്നി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. രവീന്ദ്രൻ, ജനപ്രതിനിധികളായ ശ്രീദേവി ജയരാജൻ, പി.കെ. രാജൻ, എ.കെ. ഹുസൈൻ, ഇന്ദുലേഖ ബാജി, ബിജു കുരിയക്കോട്ട്, ടി.ബി. സുനിൽ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ജാൻസി സ്വാഗതവും എം.പി.ടി.എ പ്രസിഡന്റ് ഉഷ ജി. ശങ്കർ നന്ദിയും പറഞ്ഞു.