വടക്കാഞ്ചേരി: നാടകാഭിനയം തലയ്ക്കു പിടിച്ച് പതിനഞ്ചാം വയസ്സിൽ നാടക രംഗത്തേക്ക് കടന്നു വന്ന സി.ഒ. ദേവസ്സി എഴുപത്തി ആറാം വയസ്സിലും രംഗത്ത് സജീവം. അന്ന് കൂടെയുണ്ടായിരുന്നവർ ആരും ഒപ്പമില്ലെങ്കിലും നാടകമെന്നുകേട്ടാൽ ദേവസ്സിയ്ക്ക് ഇരുപ്പുറക്കില്ല. പണ്ട് നാടക ഗ്രാമം എന്നറിയപ്പെട്ടിരുന്ന വടക്കാഞ്ചേരിയിലെ ഓട്ടുപാറയിൽ ഒരു നാടക കൂട്ടായ്മ ഉണ്ടായിരുന്നു. ഭരതൻ, പി.എൻ. മേനോൻ, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, അബൂബക്കർ, ഹൈദരലി, മാനിമുഹമ്മദ്, സംഗമം രാഘവൻ നായർ, ഫിലോമിന എന്നിവരൊക്കെയായിരുന്നു കൂട്ടായ്മയിലെ കണ്ണികൾ. നാടകത്തിന്റെ കഥയ്ക്കായി തിരഞ്ഞെടുത്തിരുന്ന കഥകളും സമകാലിനമായിരുന്നു. നാടകം കാണാൻ ആസ്വാദകർ ഏറെ ഉണ്ടായിരുന്ന അന്ന് നാടകങ്ങൾ സാമൂഹത്തിലെ മതേതരത്വം നിലനിറുത്താൻ ഏറെ സഹായിച്ചിരുന്നതായി ദേവസ്സി പറയുന്നു. സ്ത്രീകൾ നാടക രംഗത്തേക്ക് കടന്നു വരാത്ത കാലത്ത് കൂടുതലും സ്ത്രീ കഥപാത്രങ്ങളാണ്‌ ദേവസ്സിയെ തേടിയെത്തിയത്. ചെറുപ്പത്തിൽ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ അടക്കമുള്ള സഹപ്രവർത്തകർക്കൊപ്പം സ്‌കൂൾ യുവജനോത്സവങ്ങളിൽ നാടകം അഭിനയിച്ചത് ഭാവിയിൽ നാടകാഭിനയത്തിന് സഹായമായി. തന്റെ തൊലിവെളുപ്പും മേയ്ക്കപ്പ്മാൻ മാധവേട്ടന്റെ മേയ്ക്കപ്പും ചേർന്നാൽ സ്ത്രീയല്ലെന്ന് അവിശ്വസിച്ചിരുന്നില്ലെന്ന്‌ ദേവസ്സി പറയുന്നു. ഒരിക്കൽ ചേലക്കരയിക്കടുത്ത എളനാട് ഗ്രാമത്തിൽ നാടകം കഴിഞ്ഞ് പുറത്തുവന്നപ്പോൾ ഒരുപ്പറ്റം ആളുകൾ സ്ത്രീയാണോയെന്ന സത്യമറിയാൻ ചുറ്റം കൂടി. ചിലർ സ്പർശിച്ചതും രസകരമായ സംഭവമായി ദേവസ്സി ഓർക്കുന്നു. നാടകാസ്വാദകർ കുറഞ്ഞപ്പോഴാണ് മിക്ക കലാക്കാരന്മാരും സിനിമയിലേക്ക്‌ ചേക്കേറിയത്. പി.എൻ. മേനോൻ, ഭരതൻ, ഫിലോമിന, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, അബൂബക്കർ എന്നിവരെല്ലാം സിനിമ രംഗത്തും തിളങ്ങി. നാടകത്തിന്റെ ഓർമ മങ്ങാതിരിക്കാൻ എട്ടു വർഷം മുമ്പ് വടക്കാഞ്ചേരിയിൽ സ്പന്ദനം എന്ന കലാ സംഘടന രൂപീകരിച്ചു. സി.ഒ. ദേവസ്സിയെന്ന നാടക കലാകാരൻ തന്നെയാണ് സ്പന്ദനത്തിന്റെ അദ്ധ്യക്ഷൻ. അന്യം വന്നുകൊണ്ടിരിക്കുന്ന നാടകമെന്ന കലാരൂപത്തെ പുതൂ തലമുറയ്ക്ക് പകർന്നു നൽകുവാനും നിലനിറുത്താനുമാണ് നാടകോത്സവം സംഘടിപ്പിക്കുന്നുത്. മൻമറഞ്ഞ വടക്കാഞ്ചേരിയിലെ ഓരോ കലാകാരമാരുടെയും പേരിലാണ് വർഷവും നാടക വിരുന്ന് സംഘടിപ്പിക്കുന്നത്. ഈ വർഷത്തെ സ്പന്ദനം നാടകോത്സവം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സി.ഒ. ദേവസ്സി.