കൊടുങ്ങല്ലൂർ: പഴകി ദ്രവിച്ച രൂപത്തിലുള്ള സിലിണ്ടറുകൾ വീടുകളിൽ സപ്ലൈ ചെയ്യാതിരിക്കുന്നതിനും, സിലിണ്ടറുകളുടെ സുരക്ഷാ കാലാവധി കാണിക്കുന്ന തിയതി സാധാരണക്കാർക്ക് കൂടി മനസിലാക്കാൻ കഴിയും വിധം വ്യക്തമായി രേഖപ്പെടുത്താനും നടപടി വേണമെന്ന് ഓയിൽ കമ്പനി അധികൃതരോട് അപ്ലിക്കന്റസ് ആൻഡ് കൺസ്യൂമേഴ്‌സ് ഫോറം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സിലിണ്ടറുകൾ വാഹനങ്ങളിൽ നിന്നും ഇറക്കുമ്പോഴും കയറ്റുമ്പോഴും കുറച്ചു കൂടി ജാഗ്രത പുലർത്താൻ തൊഴിലാളികൾക്ക് നിർദ്ദേശം നൽകണം. ഈയിടെ വിവിധ കാരണങ്ങളാൽ പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് അപകടം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സുരക്ഷിതമായി പാചകവാതകം ഉപയോഗിക്കുന്നത് സംബന്ധിച്ച് ഓയിൽ കമ്പനികളുടെ നേതൃത്വത്തിൽ വീട്ടമ്മമാർക്ക് ബോധവത്കരണ ക്ലാസുകൾ നടത്താനും നടപടി വേണം. നഗരത്തിൽ ക്ഷേത്രത്തിന് ചുറ്റുമുള്ള റിംഗ് റോഡിൽ ഫുട്പാത്തുകളിലെ കൈവരികളും ടൈലുകളും കേടുവന്നിട്ടുള്ളവ മാറ്റി പുതിയവ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.ആർ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എസ് തിലകൻ, ശ്രീകുമാർ ശർമ്മ, കുഞ്ഞുമുഹമ്മദ് കണ്ണാം കുളത്ത്, എൻ.കെ ജയരാജ്, അഡ്വ. അബ്ദുൾ ഖാദർ കണ്ണേഴത്ത്, പി.ആർ ചന്ദ്രൻ, പ്രൊഫ. സുലേഖ ഹമീദ്, കെ.കെ മൊയ്തീൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു