കൊടുങ്ങല്ലൂർ: പൗരത്വ ഭേദഗതി പ്രശ്‌നമുയർത്തി വിദ്യാർത്ഥിനികളോട് പാക്കിസ്ഥാനിലേക്ക് പോകാൻ തയ്യാറാകാൻ ഉപദേശിച്ചെന്ന ആരോപണത്തിന് വിധേയനായ അദ്ധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹിന്ദി അദ്ധ്യാപകനായ കെ.കെ കലേശനെതിരെയാണ് നടപടി.
വലിയ വിവാദത്തിന് വഴിവെച്ച ഈ ആരോപണം സംബന്ധിച്ച വാർത്തകളുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഗീത ഇന്നലെ രാവിലെ സ്‌കൂളിലെത്തി അന്വേഷണം നടത്തി. വിദ്യാർത്ഥികളോട് വർഗീയപരാമർശം നടത്തിയ അദ്ധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് ഇതേസമയം സ്‌കൂളിലേക്ക് എസ്.എഫ്.ഐയുടെ പ്രതിഷേധ മാർച്ചും നടന്നു. സംസ്ഥാന കമ്മിറ്റി അംഗം നിധിൻ പുല്ലൻ ഉദ്ഘാടനം ചെയ്തു. മുബഷിർ അദ്ധ്യക്ഷനായി. സജ്‌നാസ്, പ്രവീൺ എന്നിവർ സംസാരിച്ചു.
ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കുവാനും വർഗ്ഗീയത വളർത്തുവാനും ശ്രമിക്കുന്നതും സഭ്യേതരമായി സംസാരിക്കുന്നതും അറിഞ്ഞ് വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷനെന്ന് നഗരസഭാ ചെയർമാൻ കെ.ആർ.ജൈത്രൻ പറഞ്ഞു. ബന്ധപ്പെട്ട അദ്ധ്യാപകനെതിരെ സ്‌കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാനോട് സർക്കാർ ജീവനക്കാരിയായ ഒരു രക്ഷിതാവ് ഫോണിൽ പരാതി പറയുന്നതിന്റെ ശബ്ദരേഖ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായതോടെ ഇടത് വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തുകയായിരുന്നു.

അടിസ്ഥാന രഹിതമായ ആരോപണമെന്ന് അദ്ധ്യാപകൻ

അടിസ്ഥാനരഹിതമായ ആരോപണമാണ് തനിക്കെതിരെ ഉയർന്നതെന്നാണ് അദ്ധ്യാപകൻ പ്രതികരിച്ചത്. തന്നെ പുകച്ച് പുറത്ത് ചാടിക്കാനുള്ള ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട തിരക്കഥയുടെ ഭാഗമാണ് ശബ്ദരേഖ. ദളിത് വിഭാഗത്തിൽപെട്ട താനാണ് സ്‌കൂളിലെ ഏറ്റവും സീനിയറായ അദ്ധ്യാപകനെന്നതാണ് ഈ ഗൂഢാലോചനയുടെ അടിസ്ഥാനമെന്നും അദ്ധ്യാപകൻ കൂട്ടിച്ചേർത്തു. ആരോപണ വിധേയനായ അദ്ധ്യാപകൻ പതിവ് പോലെ ഇന്നലെയും സ്‌കൂളിലെത്തി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആവശ്യപ്പെട്ടത് പ്രകാരം ക്‌ളാസിൽ നിന്നും വിട്ടു നിന്ന അദ്ദേഹം ഒരു മാസത്തെ അവധിക്ക് അപേക്ഷയും നൽകി മടങ്ങി.