കൊടുങ്ങല്ലൂർ: മാസത്തിലൊരിക്കൽ ജീവകാരുണ്യം ലക്ഷ്യമിട്ടുള്ള കാരുണ്യ സർവീസ് നടത്താനുള്ള സ്വകാര്യ ബസുടമകളുടെ തീരുമാനം വൃക്കരോഗബാധിതനായ കുരുന്നിന് കൈത്താങ്ങായി. ഗുരുവായൂർ-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബ്ലൂസ്റ്റാർ ബസിന്റെ ഉടമകളാണ് മാസത്തിൽ ഒരു ദിവസത്തെ വരുമാനം ജീവകാരുണ്യ പ്രവർത്തനത്തിനായി നീക്കിവയ്ക്കാൻ തീരുമാനിച്ചത്. ഇവർക്ക് മൂന്ന് ബസുകളാണ് ഉള്ളത്.
ഈ മൂന്ന് ബസിലെയും ഒരു ദിവസത്തെ കളക്‌ഷൻ ജീവകാരുണ്യ പ്രവർത്തനത്തിനായി വിനിയോഗിക്കും. ഇത് പ്രകാരമുള്ള ആദ്യ കാരുണ്യ യാത്ര ജനു.13ന് ആയിരുന്നു. ഇതിലൂടെ ലഭിച്ച 25,000 രൂപ ശ്രീനാരായണപുരം പൊരി ബസാറിന് കിഴക്ക് വശം താമസിക്കുന്ന പടിയത്ത് ബാബുവിന്റെ മകൻ അഭിജിത്തിനാണ് നീക്കിവെച്ചത്. ഈ സംഖ്യ അഭിജിത്തിന്റെ വീട്ടിൽ എത്തി കൈമാറി. ആല വിവേകാനന്ദ ആർട്ട്സ് ക്ലബ് പ്രസിഡന്റ് എ.ആർ ശ്രീകുമാറാണ് സംഖ്യ കൈമാറിയത്. കെ.പി ഉണ്ണികൃഷ്ണൻ, കെ.പി ഗിരീഷ്, സേവ്യർ പള്ളിപ്പാട്, വാർഡ് മെമ്പർ അജിത സജീവൻ, ആല ശ്രീനാരായണ ധർമ്മ പ്രകാശിനിയോഗം പ്രസിഡന്റ് സുബീഷ് ചെത്തിപ്പാടത്ത്, ഷിജു വാഴപ്പുള്ളി, കെ.കെ രാഗേഷ്, സുജിത് മംഗലത്ത് എന്നിവരും സംബന്ധിച്ചു. വൃക്കരോഗത്തെ തുടർന്ന് തിരുവനന്തപുരം എസ്.ഐ.ടി ആശുപത്രിയിലെ ചികിത്സയിലാണ് പതിനൊന്നുകാരനായ അഭിജിത്ത്. വാടകവീട്ടിലാണ് ഈ കുട്ടിയുടെ കുടുംബം.