കൊടുങ്ങല്ലൂർ : ശ്രീകുരുംബ ഭഗവതി ക്ഷേത്രോപദേശക സമിതി ഇല്ലാതായിട്ട് വർഷങ്ങൾ പിന്നിടുന്നു. ഭക്തജനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ക്ഷേത്രോപദേശക സമിതിയുടെ കാലാവധി 2016 ൽ അവസാനിച്ചിരുന്നു. ഇതേ തുടർന്ന് ഏറെക്കാലത്തെ അനിശ്ചിതത്വത്തിന് ശേഷം പുതിയ സമിതി രൂപീകരിക്കാനുള്ള മെമ്പർഷിപ്പ് പ്രവർത്തനം നടന്നിരുന്നു. ഇതുപ്രകാരം 2300 ൽ അധികം പേർ അംഗത്വത്തിനായി അപേക്ഷ നൽകുകയും ഇവയുടെ സൂക്ഷ്മപരിശോധന നടത്തി അംഗത്വം അംഗീകരിച്ചതായി വിജ്ഞാപനവുമുണ്ടായി.
എന്നാൽ തുടർ നടപടികൾ മരവിച്ചു. രാഷ്ട്രീയപരമായ കാരണങ്ങളാലാണ് സമിതി തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീളുന്നത്. ഏറെക്കാലമായി ശ്രീകുരുംബ ഭഗവതി ക്ഷേത്രോപദേശക സമിതിയിലെ മുൻതൂക്കം ബി.ജെ.പി സംഘപരിവാർ സംഘടനകൾക്കായിരുന്നു. പുതിയ സാഹചര്യത്തിൽ ഇതിലൊരു പൊളിച്ചെഴുത്ത് ഒരു വിഭാഗം ലക്ഷ്യമിട്ടപ്പോൾ മറുഭാഗത്ത് സമിതിയിലെ മേൽക്കോയ്മ ഉറപ്പിക്കാൻ മറുഭാഗവും ആഞ്ഞുപിടിച്ചു. സമിതി അംഗത്വത്തിനായുള്ള അപേക്ഷകരുടെ ആധിക്യം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
എന്നാൽ ഇപ്പോൾ ഈ ആവേശമെല്ലാം ആറി തണുത്തു. ജനലക്ഷങ്ങൾ എത്തിച്ചേരുന്ന സംസ്ഥാനത്തെ മഹാക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളായ താലപ്പൊലി, ഭരണി, നവരാത്രി എന്നിവയുടെ നിർവഹണത്തിൽ വലിയ പങ്ക് വഹിച്ച് പോന്നിരുന്ന ക്ഷേത്രോപദേശക സമിതി ഫലത്തിൽ ഇല്ലാതായതോടെ ഇതിന്റെ ഭാഗമല്ല.
ഉദ്യോഗസ്ഥർ തന്നെ പേറേണ്ടുന്ന സ്ഥിതിയാണിപ്പോൾ. ഇതുകൊണ്ടുതന്നെ ഇവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന സമ്മർദ്ദം ചില്ലറയല്ല. ഒന്നാം താലപ്പൊലി നാളിൽ പകലെഴുന്നള്ളിപ്പിന് അണിനിരത്തിയ ആനയുടെ പാപ്പാന്മാരിൽ ഒരാൾ മദ്യപിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസിൽ രജിസ്റ്റർ ചെയ്ത കേസിൽ ശ്രീദേവസ്വം മാനേജർ പ്രതിയാക്കിയത് പോലെയുള്ള സംഭവങ്ങൾ ദേവസ്വം ജീവനക്കാരിൽ ഉണ്ടാക്കുന്ന പ്രതിസന്ധികൾ വേറെ. ക്ഷേത്രോപദേശക സമിതി രൂപീകരണം അനിശ്ചിതമായി നീട്ടികൊണ്ടുപോകുന്നത് ഭക്തജനങ്ങളിൽ കടുത്ത പ്രതിഷേധം ഉയർത്തുന്നുണ്ട്. ജനാധിപത്യ രീതിയിൽ ഭക്തജനങ്ങളുടെ പങ്കാളിത്തവും അഭീഷ്ടവും മാനിച്ച് ക്ഷേത്രോപദേശക സമിതിയെ തെരഞ്ഞെടുക്കാൻ ഇനിയും വൈകുന്നത് നീതിനിഷേധമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാര്യത്തിൽ ഭരണി മഹോത്സവത്തിന് മുമ്പായെങ്കിലും നടപടി കൈക്കൊള്ളാൻ ദേവസ്വം ബോർഡ് തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ.