തൃപ്രയാർ: തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി നാരായണൻ കുട്ടി തന്ത്രി മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം ശാന്തിമാരായ പ്രകാശൻ ശാന്തി, ധനേഷ് ശാന്തി, അപ്പു ശാന്തി, ക്ഷേത്ര ഭരണ സമിതി ഭാരവാഹികളായ ബൈജു ഇ.വി.ജി, ജയശങ്കർ ഇ ഡി, ഷൈജു ഇ.വി.എസ്, സ്മിത്ത് ഇ.വി.എസ്, പ്രിൻസ് എ.എം എന്നിവർ നേതൃത്വം നൽകി.

രാവിലെ ഗണപതി ഹോമം, ചതു:ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, പഞ്ചവിംശതി കലശം, ധ്വജത്തിൽ പുണ്യാഹം എന്നിവയ്ക്ക് ശേഷമാണ് കൊടിയേറ്റ് നടന്നത്. തുടർന്ന് ഉച്ചപൂജ, വൈകീട്ട് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, അത്താഴപൂജ, ശ്രീഭൂതബലി എന്നിവ നടന്നു. 25 നാണ് ഉത്സവം.

23 ന് ഗ്രാമപ്രദക്ഷിണം, 24 ന് പള്ളിവേട്ട മഹോത്സവം, ഉത്സവദിവസം ശനിയാഴ്ച രാവിലെ പ്രഭാത ശീവേലി, ഉച്ചപൂജയ്ക്ക് ശേഷം 2ന് കാഴ്ച ശിവേലി 9 ഗജവീരന്മാർ അണിനിരക്കും. പൊക്കുണ്ണി ജയൻ മാരാർ നയിക്കുന്ന പഞ്ചവാദ്യം, ക്ഷേത്ര വാദ്യ കുലപതി അനിയൻ മാരാർ നയിക്കുന്ന പാണ്ടിമേളം എന്നിവയുണ്ടാവും. അത്താഴപൂജയ്ക്ക് ശേഷം പനങ്ങാട്ടിരി ശശിയുടെ തായമ്പക, ജനനയനയുടെ നാടൻപാട്ട് എന്നിവ നടക്കും. 26 ന് രാവിലെ 8 ന് ആറാട്ട്.