തൃശൂർ: എസ്.എൻ.ഡി.പി യോഗം നേതാക്കളെ കരിവാരി തേക്കുന്ന സമുദായ ദ്രോഹികളെ ഒറ്റപ്പെടുത്തണമെന്ന് ജില്ലയിലെ എസ്.എൻ.ഡി.പി യൂണിയൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്ന സുഭാഷ് വാസുവിനെതിരെ സംഘടനാപരമായും നിയമപരമായും നടപടി സ്വീകരിക്കണം. രണ്ട് വർഷം മുമ്പ് മാത്രം എസ്.എൻ.ഡി.പി യോഗത്തിന്റെ അംഗത്വം നേടിയ സെൻകുമാർ ഇപ്പോൾ അഴിമതി, കുടുംബഭരണം തുടങ്ങി ആരോപണം ഉന്നയിക്കുന്നത് എന്തിനാണെന്ന് യോഗം പ്രവർത്തകർ തിരിച്ചറിയുന്നുണ്ട്.

യോഗത്തിന്റെയും ട്രസ്റ്റിന്റെയും സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി.ക്ക് വിടണമെന്ന് തീരുമാനിച്ചിട്ടും മറ്റ് സ്വകാര്യ മാനേജ്‌മെന്റുകൾ അതിന് തയ്യാറാകാതിരുന്ന കാര്യം സെൻകുമാറിനറിയാത്തതല്ല. കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികം സമുദായ സേവനത്തിനും സംഘടനയുടെ കെട്ടുറപ്പിനുമായി പ്രവർത്തിച്ച ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും പ്രീതി നടേശനെയും അപകീർത്തിപ്പെടുത്താനുള്ള നീക്കത്തെ തൃശൂരിലെ 15 യൂണിയനുകളിലെ ഭാരവാഹികളും ശാഖകളും നേരിടും. ജില്ലയിലെ മുഴുവൻ പ്രവർത്തകരും ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള ഭാരവാഹികളോടൊപ്പമാണ്.

ബി.ഡി.ജെ.എസിന്റെ പേരിൽ ലഭിച്ച അധികാര സ്ഥാനം കൈയാളി അതിന് കാരണക്കാരായവരെ ഒറ്റ രാത്രി കൊണ്ട് സുഭാഷ് വാസു തള്ളിപ്പറയുന്നത് എന്തുകൊണ്ടാണെന്ന് എല്ലാവർക്കുമറിയാം. മാവേലിക്കര എസ്.എൻ.ഡി.പി യൂണിയന്റെ പേരിൽ നടത്തിയ സാമ്പത്തിക തിരിമറികളും അഴിമതിയും പുറത്ത് വന്നപ്പോൾ നടപടിയെടുത്ത യോഗം ഭാരവാഹികളെ അപകീർത്തിപ്പെടുത്താനാണ് ശ്രമം. യോഗത്തിന്റെ തിരഞ്ഞെടുപ്പ് വരുമ്പോൾ സമുദായത്തിന്റെ സംഘശക്തി ചോർത്തിക്കളയാനാണ് ഇവരുടെ ശ്രമം. യോഗം തിരഞ്ഞെടുപ്പിനെ നേരിടാൻ ഇവരെ വെല്ലുവിളിക്കുകയാണെന്നും അവർ പറഞ്ഞു.

യോഗം കൗൺസിലർമാരായ പി.കെ പ്രസന്നൻ, ബേബിറാം, ഇൻസ്‌പെക്ടിംഗ് ഓഫീസർ സുഭാഷ് തേങ്ങാമൂച്ചി, തൃശൂർ യൂണിയൻ പ്രസിഡന്റ് ഐ.ജി പ്രസന്നൻ, സെക്രട്ടറി ഡി. രാജേന്ദ്രൻ, മണ്ണുത്തി യൂണിയൻ പ്രസിഡന്റ് സുധാകരൻ ഇ.കെ, സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത്, പീച്ചി യൂണിയൻ പ്രസിഡന്റ് സുബിൻ, സെക്രട്ടറി പി.കെ സന്തോഷ്, ചേലക്കര യൂണിയൻ സെക്രട്ടറി ധർമ്മപാലൻ, കുന്നംകുളം യൂണിയൻ പ്രസിഡന്റ് രഘുനാഥ്, സെക്രട്ടറി പി.കെ മോഹനൻ, ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി.എ സജീവൻ, നാട്ടിക യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പുള്ളി, മുകുന്ദപുരം യൂണിയൻ സെക്രട്ടറി ചന്ദ്രൻ കെ.കെ, മാള യൂണിയൻ സെക്രട്ടറി സി.ഡി ശ്രീലാൽ, ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളുത്താപ്പിള്ളി, പുതുക്കാട് യൂണിയൻ സെക്രട്ടറി ടി.കെ രവീന്ദ്രൻ, കൊടകര യൂണിയൻ പ്രസിഡന്റ് സുന്ദരൻ മൂത്തമ്പാടൻ, പെരിങ്ങോട്ടുകര യൂണിയൻ വൈസ് പ്രസിഡന്റ് ഹണി കണ്ണാറ, തലപ്പിള്ളി യൂണിയൻ സെക്രട്ടറി പി.ആർ രാജേഷ് എന്നിവർ പങ്കെടുത്തു.