തൃശൂർ: പൗരത്വ നിയമ ഭേദഗതി പ്രശ്‌നത്തിൽ സുപ്രീംകോടതി പ്രകടിപ്പിക്കുന്ന നിഷ്‌ക്രിയത്വം ആശങ്കാജനകമാണെന്ന് മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം സുധീരൻ പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ 35-ാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സമകാലീന രാഷ്ട്രീയവും ഇന്ത്യൻ ഭരണഘടനയും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരൻ.
ഭരണഘടനാ വിരുദ്ധ നടപടിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടക്കുമ്പോഴും വിഷയത്തിൽ ഒരു നിലപാടെടുക്കാൻ സുപ്രീം കോടതിക്കായിട്ടില്ല. സമരവും അക്രമവും അവസാനിച്ചിട്ടാകാം ചർച്ചയെന്ന സുപ്രീം കോടതി നിലപാട് നിഷേധാത്മകമാണ്. അത് തിരുത്താൻ തയ്യാറാകണം. രാജ്യത്ത് മോദി - ഷാ കൂട്ടുകെട്ടിന്റെ നേതൃത്വത്തിൽ ഭരണഘടനയും ജനാധിപത്യവും അപകടത്തിലാണ്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ശക്തമായ ജനമുന്നേറ്റം ആവശ്യമായ കാലഘട്ടമാണിത്. മാദ്ധ്യമ സ്വാതന്ത്ര്യത്തോടുള്ള സമീപനത്തിൽ ട്രംമ്പും മോദിയും പിണറായിയും ഒരേ തൂവൽപക്ഷികളാണ്.
ഭരണപരാജയം മൂടിവയ്ക്കാനാണിവർ മാദ്ധ്യമങ്ങളെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നത്. ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്ന ജനാധിപത്യവിരുദ്ധ സമീപനങ്ങളാണ് എൽ.ഡി.എഫ് സർക്കാരിന്റേത്. കൊലപാതകികളെ രക്ഷിക്കാൻ കോടികൾ മുടക്കുന്നു. മദ്യമുണ്ടാക്കാൻ പുതിയ ആശയങ്ങൾ തേടി മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇനി നിശാക്ലബ്ബുകളും തുറക്കാൻ പോകുന്നുവെന്നും സുധീരൻ പറഞ്ഞു. സെമിനാറിൽ അസോസിയേഷൻ സംസ്ഥാന ട്രഷറർ ബി.സി ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. എം.സി.കെ ബീരാൻ സ്വാഗതം പറഞ്ഞു. ഡോ. കെ.എം ഫ്രാൻസിസ് പ്രസംഗിച്ചു..