മാള: ഹിന്ദു രാഷ്ട്രമാക്കണമെന്ന് പറയുന്നവരാണ് ഇന്ത്യൻ ഭരണഘടനയെ മാനിക്കാത്തതെന്നും ഇത്തരക്കാർ രാജ്യം വിട്ട് പോകണമെന്നും സണ്ണി എം. കപിക്കാട് പറഞ്ഞു. ആളൂർ പഞ്ചായത്ത് ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ടി.പി സെൻകുമാറിനും മാധവൻ നായർക്കും ഇപ്പോഴാണ് വെളിവുണ്ടായതെന്നാണ് അവർ തന്നെ പറയുന്നത്. സംസ്ഥാനത്തെ ഡി.ജി.പി ആയിരുന്നപ്പോൾ വെളിവുണ്ടായിരുന്നില്ലെന്നാണോ അവർ പറയുന്നത്. ഭരണാധികാരികളാൽ ഉപേക്ഷിക്കപ്പെട്ട ഭരണഘടനയാണുള്ളത്. ഭരണഘടനാ സാക്ഷരതാ യജ്ഞം നടത്തേണ്ട അവസ്ഥയിലാണ് ഇന്ന് രാജ്യമുള്ളത്.
ഹിന്ദിയുടെ ആധിപത്യമല്ല, എല്ലാ ഭാഷകൾക്കും ജാതിമത വിശ്വാസികൾക്കും ഒരേപോലെ തുല്യത നൽകുന്നതാണ് ഭരണഘടനയെന്നും അദ്ദേഹം വ്യക്തമാക്കി. സമിതി ചെയർപേഴ്‌സൺ സന്ധ്യ നൈസൻ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പ്രൊഫ. കെ.യു. അരുണൻ, വി.ആർ. സുനിൽ കുമാർ, മുൻ എം.എൽ.എ ടി.യു. രാധാകൃഷ്ണൻ, പി.സി. ഉണ്ണിച്ചെക്കൻ, രാജേഷ് അപ്പാട്ട്, പി.കെ. കിട്ടൻ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി ഇരുപതോളം കലാകാരന്മാർ ചിത്രം വരച്ച് പ്രതിഷേധം അറിയിച്ചു. തുടർന്ന് ഇരുപതോളം കവികൾ കവിതകൾ അവതരിപ്പിച്ചു.