തൃശൂർ : പവർഗ്രിഡ് കോർപറേഷൻ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുതിരാനിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള മോക്ക് ഡ്രിൽ 28, 29 തിയതികളിൽ നടക്കും. ചീഫ് സെക്രട്ടറി ടോം ജോസിന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ 15 ന് ചേർന്ന ഉന്നതല യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നത്. പാലക്കാട് നിന്ന് കുതിരാൻ വഴി തൃശൂർ, എറണാകുളം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടാകില്ല. എറണാകുളം, തൃശൂർ ഭാഗങ്ങളിൽ നിന്ന് കുതിരാൻ വഴി പാലക്കാട്ടേയ്ക്ക് പോകുന്ന എൽ.പി.ജി ടാങ്കറുകൾ, എമർജൻസി വാഹനങ്ങൾ, കെ.എസ്.ആർ.ടി.സി പ്രൈവറ്റ് പാസഞ്ചർ ബസുകൾ എന്നിവ ഒഴികെയുള്ള ഹെവി വാഹനങ്ങളും മൾട്ടി ആക്‌സിൽ വാഹനങ്ങളും രാവിലെ എഴ് മുതൽ വൈകീട്ട് ആറ് വരെ കുതിരാൻ വഴി പോകാൻ അനുവദിക്കില്ല. ആംബുലൻസ്, അടിയന്തര വാഹനങ്ങൾ എന്നിവയ്ക്ക് തടസമില്ലാതെ പ്രവേശനം അനുവദിക്കും. പാസഞ്ചർ കാറുകൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവ ഈ സമയപരിധിയിൽ കുതിരാൻ പാത ഒഴിവാക്കി മണ്ണുത്തി-ചേലക്കര-പഴയന്നൂർ-ആലത്തൂർ റൂട്ടിലൂടെ പോകേണ്ടതാണ്. എറണാകുളം, തൃശൂർ ഭാഗങ്ങളിൽ നിന്ന് പുറപ്പെടുന്ന ട്രെയിലറുകളും മറ്റ് ഭാരവാഹനങ്ങളും ഈ സമയക്രമമനുസരിച്ച് അവയുടെ യാത്ര ക്രമീകരിക്കേണ്ടതാണ്.
ഗതാഗതക്രമീകരണം സംബന്ധിച്ച് ആലോചിക്കുന്നതിനായി സംസ്ഥാന ഊർജ്ജ വകുപ്പ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നതലയോഗവും സ്ഥലപരിശോധനയും നടക്കും. തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലെ കളക്ടർമാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, ദേശീയപാത അധികൃതർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, പാചകവാതക കമ്പനി പ്രതിനിധികൾ, പവർ ഗ്രിഡ് കോർപറേഷൻ പ്രതിനിധികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. രാവിലെ 11.30 ന് തൃശൂർ രാമനിലയത്തിലാണ് യോഗം.