തൃശൂർ: എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് തൃശൂർ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന ഏകാത്മകം മെഗാ ഇവന്റിന്റെ ഒരുക്കം പൂർത്തിയായി. ഗുരുദേവൻ രചിച്ച കുണ്ഡലിനി പാട്ടിന് മോഹിനിയാട്ട നൃത്താവിഷ്കാരം നൽകുന്ന പരിപാടിയിൽ ആറായിരത്തോളം നർത്തകിമാരാണ് പങ്കെടുക്കുന്നത്.

ഒരുക്കം വിലയിരുത്താൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെത്തി. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള നേതാക്കൾ ചേർന്ന് സ്വീകരിച്ചു. ഏകാത്മകത്തിന്റെ വേദിയിലേക്കുള്ള ദീപശിഖ പ്രയാണം കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിലെ പർണ്ണശാലയിലെ ഗുരുദേവ പ്രതിമയുടെ മുന്നിൽ നിന്നും ആരംഭിച്ചു. ദീപശിഖ പ്രയാണം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു.

ദീപശിഖ പ്രയാണം വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് സമാപിച്ചു. ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുക്കാൻ മുംബയ് യൂണിയനിൽ നിന്നുമുള്ള ഒരു സംഘം നർത്തകിമാർ ഉൾപ്പെടെ ഇന്നലെ രാവിലെ തന്നെ തൃശൂരിലെത്തി. മെഗാ ഇവന്റിന്റെ ഒരുക്കം വീക്ഷിക്കാൻ ഗിന്നസ് അധികൃതർ ഗ്ലെൻ ആൻഡ്രൂസ് പൊളാർഡിന്റെ നേതൃത്വത്തിൽ എത്തിയപ്പോൾ എസ്.എൻ.ഡി.പി യോഗം ഭാരവാഹികൾ കാര്യങ്ങൾ വിശദീകരിച്ചു. ഇവന്റിന്റെ ചെയർമാൻ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ജനറൽ കൺവീനർ ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, ഇവന്റ് ചീഫ് കോർഡിനേറ്റർ അഡ്വ. സംഗീതാ വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇവന്റിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.