തൃപ്രയാർ: കടകളുടെ മുന്നിൽ പാർക്കിംഗ് നിരോധിച്ച കോടതി ഉത്തരവ് ലംഘിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് തൃപ്രയാർ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർമാർ വെള്ളിയാഴ്ച വൈകീട്ട് ആറര മുതൽ പണിമുടക്കി. സംയുക്ത യൂണിയനുകളുടെ നേത്യത്വത്തിലായിരുന്നു സമരം.
പണിമുടക്കിയ ഓട്ടോ ഡ്രൈവർമാർ വലപ്പാട് സ്റ്റേഷനിൽ തടിച്ചുകൂടി. ജംഗ്ഷന് തെക്കുഭാഗത്തെ നാലു വ്യാപാര സ്ഥാപനങ്ങൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ ഭാഗമായാണ് പാർക്കിംഗ് നിരോധന ഉത്തരവ് ലഭിച്ചത്. ഇതു സൂചിപ്പിക്കുന്ന ബോർഡും കടകൾക്കു മുമ്പിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ സ്ഥലത്തു വണ്ടി പാർക്കു ചെയ്ത ഓട്ടോ ഡ്രൈവറെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വലപ്പാട് സി.ഐ, എസ്.ഐ എന്നിവരുടെ നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിനായി പിന്നീട് ചർച്ച നടന്നു. നിരോധന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബോർഡുകൾ സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. ബോർഡ് സ്ഥാപിച്ച കടകളുടെ മുമ്പിൽ ഓട്ടോയിടരുത് എന്ന പൊലീസിന്റെ കർശന നിർദ്ദേശം യൂണിയനുകൾ അംഗീകരിച്ചതോടെ രാത്രിയോടെ ചർച്ച അവസാനിപ്പിച്ചു.