തൃശൂർ: ശിവ ചൈതന്യത്തിൽ നിന്നാണ് യോഗ ഉടലെടുത്തതെന്ന് ശ്രീശ്രീ രവിശങ്കർ. തൃശൂർ വടക്കുന്നാഥ ക്ഷേത്രമൈതാനത്ത് സംഘടിപ്പിച്ച ശിവസൂത്ര ജ്ഞാന യജ്ഞത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശിവനെന്ന പരമാത്മാവിനെ യോഗയിലൂടെ മനസിലേക്ക് ആവാഹിച്ച്, കൃത്യമായ ശ്വാസോച്ഛ്വാസ ക്രമീകരണത്തിലൂടെയും ആസനങ്ങളിലൂടെയും ശരീരത്തിനെയും മനസ്സിനെയും അത് ശുദ്ധീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരം, സുഖം, ആസനം എന്ന് യോഗാസനങ്ങളെ നിർവചിക്കാറുണ്ട്. സ്ഥിരവും സുഖകരവുമായ ശരീര വിന്യാസമാണ് യോഗ. മനോവൃത്തികളെ നിയന്ത്രിക്കലാണ് യോഗയിലൂടെ സാദ്ധ്യമാകുന്നത്. മനുഷ്യൻ ജന്മനാ യോഗികളാണ്. മൂന്നു വയസു വരെയുള്ള കാലഘട്ടത്തിനകത്ത് യോഗയിലെ ആസന മുറകളും കുട്ടികൾ ചെയ്തിട്ടുണ്ടാവും. ജന്മനാ യോഗികളായ മനുഷ്യർ ശൈശവത്തിലെ നിഷ്‌കളങ്കത കാത്തുസൂക്ഷിച്ചിരുന്നെങ്കിൽ യോഗയുടെ ആവശ്യമില്ലായിരുന്നു.
എന്നാൽ നിഷ്‌കളങ്കതയിൽ നിന്നും സന്തുലിതാവസ്ഥയിൽ നിന്നും വളരെ അകന്നുനിൽക്കുന്ന മുതിർന്നവർക്ക് സഹജമായ നിഷ്‌കളങ്കതയിലേക്ക് തിരിച്ചുവരാൻ യോഗ ആവശ്യമായി വരുന്നു. നേട്ടങ്ങൾ നൽകുന്ന നൈപുണ്യമാണ് യോഗ. ഭാരതം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായിരുന്നു ശങ്കരാചാര്യർ. നിരന്തരം യാത്ര ചെയ്ത് ഭാരതത്തിന്റെ ആത്മാവിനെ കണ്ടെത്താൻ ശ്രമിച്ചതും കണ്ടെത്തിയതും അദ്ദേഹമാണ്. ആശ്രമത്തിന് പുറത്ത് ആദ്യമായാണ് ശ്രീശ്രീ രവിശങ്കർ ശിവസൂത്ര ജ്ഞാനയജ്ഞം നടത്തുന്നത്. ഇന്നലെ വൈകിട്ട് 5.30ന് ആരംഭിച്ച പരിപാടി 8.30നാണ് അവസാനിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളടക്കം പതിനായിരം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. ശിവസൂത്ര ജ്ഞാന യജ്ഞം ഇന്ന് സമാപിക്കും.