വരന്തരപ്പിള്ളി: സവാള ചാക്കുകൾ കയറ്റിയ ലോറിയിൽ ഒളിപ്പിച്ച് കടത്തിയ 2850 ലിറ്റർ സ്പിരിറ്റ് പൊലീസ് പിടികൂടി. വേപ്പൂർ കിഴക്കൂടൻ ജയരാജിന്റെ ആൾത്താമസം ഇല്ലാത്ത തറവാട്ട് വീട്ടിൽ ഇറക്കുന്നതിനിടെയാണ് 30 ലിറ്റർ വീതമുള്ള 95 പ്ലാസ്റ്റിക് കന്നാസുകളിലായി സ്പിരിറ്റ് പിടികൂടിയത്. പൊലീസിനെ കണ്ട് സ്പിരിറ്റ് ഇറക്കിയിരുന്നവർ ഓടി രക്ഷപെട്ടു. ലോറിയിൽ സ്പിരിറ്റ് നിറച്ച കന്നാസുകൾക്ക് മുകളിൽ സവാള നിറച്ച ചാക്കുകളായിരുന്നു.
ചാലക്കുടി ഡിവൈ.എസ്.പി സി.ആർ സന്തോഷിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് വരന്തരപ്പിള്ളി പൊലീസ് സ്ഥലത്തെത്തിയത്. ഒരു മാരുതി സ്വിഫ്റ്റ് കാറും, ഫോക്‌സ് വാഗൺ ജെറ്റ കാറും കസ്റ്റഡിയിലെടുത്തു. വനമേഖല കേന്ദ്രീകരിച്ച് അനധികൃതമായി പ്രവർത്തിക്കുന്ന വിദേശമദ്യ ഉൽപാദന കേന്ദ്രത്തിലേക്ക് കൊണ്ടുവന്നതാകാം സ്പിരിറ്റെന്ന നിഗമനത്തിലാണ് പൊലീസ്. പ്രത്യേകാന്വേഷണ സംഘത്തിൽ വരന്തരപ്പിള്ളി സി.ഐ ജയകൃഷ്ണൻ, എസ്.ഐ ചിത്തരഞ്ജൻ, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനു മോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ്, വരന്തരപ്പിള്ളി സ്റ്റേഷനിലെ എ.എസ്.ഐമാരായ തോമസ്, ജോസഫ്, സുധീഷ്, ജിജു കരുണാകരൻ, സീനിയർ സി.പി.ഒമാരായ എം.എസ് ബൈജു, രാജേഷ്, വി.ഡി അജി എന്നിവരാണ് ഉണ്ടായിരുന്നത്. പിടികൂടിയ സ്പിരിറ്റും വാഹനവും തുടർനടപടികൾക്കായി വരന്തരപ്പിള്ളി സ്റ്റേഷനിലേക്ക് മാറ്റി. വാഹനമുപേക്ഷിച്ച് ഓടിപ്പോയവരെപ്പറ്റി സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.