തൃശൂർ: കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ അഡ്വ. വി. ബാലറാം (72) അന്തരിച്ചു. പൂങ്കുന്നം രാംനഗറിലുള്ള വസതിയിൽ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. രാവിലെ അവശനിലയിൽ കണ്ട അദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ട് തവണ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായ ബാലറാം, ശ്വാസകോശ സംബന്ധമായ രോഗത്തിനും ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പാറമേക്കാവ് ശാന്തിഘട്ടിൽ.
1947 നവംബർ 10ന് ഗുരുവായൂർ വെള്ളൂർ വീട്ടിൽ ടി. രാമൻനായരുടെയും, വെള്ളൂർ ചിന്നമ്മു അമ്മയുടെയും മകനായി ജനിച്ചു. കെ.എസ്.യുവിലൂടെ പൊതുപ്രവർത്തനം തുടങ്ങി. കെ.എസ്.യു ജില്ലാ പ്രസിഡന്റും എൻ.എസ്.യു.ഐയുടെ അഖിലേന്ത്യാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായി. തുടർന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായി.
ആദ്യകാലത്ത് ആന്റണി ഗ്രൂപ്പിന്റെ ജില്ലയിലെ വക്താവായിരുന്നു. പിന്നീട് കെ. കരുണാകരന്റെ വിശ്വസ്ത അനുയായിയായി. തൃശൂരിൽ നാഷണൽ കോൺഗ്രസിന്റെ (ഇന്ദിര) പ്രഖ്യാപന സമ്മേളനത്തിന് നേതൃത്വം നൽകിയത് ബാലറാമാണ്. തുടർന്ന് ഡി.ഐ.സി രൂപീകരിച്ചപ്പോഴും എൻ.സി.പിയിൽ ലയിച്ചപ്പോഴും ലീഡർക്കൊപ്പം നിലകൊണ്ടു. കോൺഗ്രസിൽ മടങ്ങിയെത്തിയ ശേഷം ഡി.സി.സി പ്രസിഡന്റായി.
1987ൽ കുന്നംകുളത്ത് സി.പി.എമ്മിലെ കെ.പി. അരവിന്ദാക്ഷനോട് 400 വോട്ടുകൾക്ക് തോറ്റു. 1996ൽ വടക്കാഞ്ചേരിയിൽ വിജയിച്ച് എം.എൽ.എയായി. 2001ലും വടക്കാഞ്ചേരിയിൽ വിജയിച്ചു. കെ.പി.സി.സി പ്രസിഡന്റായിരുന്ന കെ. മുരളീധരൻ, ആന്റണി മന്ത്രിസഭയിൽ അംഗമായതിനെ തുടർന്ന് മുരളീധരനായി എം.എൽ.എ സ്ഥാനം രാജിവച്ചു. തിരഞ്ഞെടുപ്പിൽ കെ. മുരളീധരൻ തോറ്റു. 2004ൽ കോഴിക്കോട് പാർലമെന്റ് സീറ്റ് ബാലറാമിന് നൽകിയെങ്കിലും എം.പി. വീരേന്ദ്രകുമാറിനോട് തോറ്റു. 2006ൽ കുന്നംകുളത്തും പരാജയപ്പെട്ടു.
ഖാദി ബോർഡ് വൈസ് ചെയർമാൻ, ഗുരുവായൂർ ദേവസ്വം ചെയർമാൻ, തൃശൂർ ഭൂപണയബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവിൽ ഗുരുവായൂർ സഹകരണ അർബൻ ബാങ്ക് പ്രസിഡന്റാണ്.
ഡി.സി.സി ഓഫീസിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ കെ. മുരളീധരൻ എം.പി, ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപൻ എം.പി തുടങ്ങി നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിന് പൂങ്കുന്നത്തെ വസതിയിൽ എത്തിക്കും.
ഭാര്യ: പരേതയായ ഡോ.കാഞ്ചന. മക്കൾ: ലക്ഷ്മി (എൻജിനിയർ, യു.എസ്.എ), ദീപ (കോയമ്പത്തൂർ). മരുമക്കൾ : വിനു (എൻജിനിയർ യു.എസ്.എ), ഷിറിൽ (ബിസിനസ്, കോയമ്പത്തൂർ).