vivaha
വിവാഹധന സഹായം കൈമാറുന്നു

എരുമപ്പെട്ടി: സഹപാഠിയുടെ സഹോദരിയുടെ വിവാഹത്തിന് ധനസഹായം നൽകി പൂർവ വിദ്യാർത്ഥി കൂട്ടായ്മ കരുണയുടെ മാതൃക തീർത്തു. നിർമ്മാണ ജോലിക്കിടെ വീണ് നട്ടെല്ലിന് ക്ഷതം പറ്റി ചികിത്സയിൽ കഴിയുന്ന മങ്ങാട് സ്വദേശി മഹേഷിന്റെ സഹോദരിയുടെ വിവാഹത്തിനാണ് എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 1999 വർഷത്തെ 10 സി ബാച്ച് ഒരു ലക്ഷം രൂപ സഹായമായി നൽകിയത്. മഹേഷിന്റെ പിതാവ് ആറ് വർഷം മുമ്പ് മരിച്ചു. താമസിച്ചിരുന്ന വീട് തകർന്ന് വീണതിനാൽ വാടക വീട്ടിലാണ് താമസിക്കുന്നത്. മൂന്ന് വർഷം മുമ്പാണ് വീണ് പരിക്ക് പറ്റിയത്. ഭാര്യ ജോലിക്ക് പോയി ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. ഇതിനിടെയാണ് സഹോദരിയുടെ വിവാഹം നടക്കുന്നത്. മഹേഷിന്റെ അവസ്ഥയറിഞ്ഞ സഹപാഠികൾ വാട്‌സ് ആപ് ഗ്രൂപ്പ് വഴി ചെറുതും വലതുമായ തുകകൾ സ്വരൂപിച്ച് നൽകുകയായിരുന്നു. സഹപാഠികളുടെ മനസിന്റെ നൻമയിൽ ലഭിച്ച വിവാഹ സമ്മാനം മഹേഷിനും കുടുംബത്തിനും വലിയ ആശ്വാസമായി മാറി.