ചാലക്കുടി: നഗരസഭ, റോട്ടറി ക്ലബ് എന്നിവയുടെ സഹകരണത്തോടെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഐ.സി യൂണിറ്റ് സജ്ജമാകുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷൻ സി.എസ്.ആർ ഫണ്ടിൽ നിന്നും അനുവദിച്ച 65 ലക്ഷം രൂപ വിനിയോഗിച്ചാണ് ഐ.സി.യു, സ്റ്റെപ് ഡൗൺ ഐ.സി.യു എന്നിവ തയ്യാറാക്കുന്നതെന്ന് നഗരസഭാ ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ അറിയിച്ചു.

അത്യാധുനിക സൗകര്യങ്ങളോടെ ആറ് കിടക്കകളാണ് ഇതിൽ സജ്ജമാക്കുന്നത്. സ്റ്റെപ് ഡൗൺ ഐ.സി.യുവിൽ നാലു കിടക്കകളുണ്ടാകും. 500 ലിറ്റർ ശേഷിയുള്ള സെൻട്രൽ എയർ പ്ലാന്റ്, സെൻട്രൽ വാക്വം പ്ലാന്റ്, അഗ്‌നിശമന ഉപകരണങ്ങൾ, കേന്ദ്രീകൃത നിരീക്ഷണ സംവിധാനം, നഴ്‌സിംഗ് സ്റ്റേഷൻ, വെന്റിലേറ്റർ എന്നിവയും പ്രവർത്തിക്കും. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോസ്‌പേസ് ബയോ മെഡിക്കൽ സൊലൂഷൻസിനാണ് നിർമ്മാണച്ചുമതല.

മൂന്നു മാസത്തിനകം നിർമ്മാണം പൂർത്തീകരിക്കുന്നതോടെ ദേശീയ തലത്തിൽ മികച്ച ആശുപത്രിയായി തെരഞ്ഞെടുക്കപ്പെട്ട ചാലക്കുടി ആശുപത്രിയ്ക്ക് നേട്ടങ്ങളുടെ പട്ടികയിൽ ഒരു പൊൻതൂവൽ കൂടി ചാർത്തപ്പെടും. റോട്ടറി ക്ലബ് പ്രസിഡന്റ് ആർ. രമേഷ്‌കുമാർ, സെക്രട്ടറി രാജു പടായാട്ടിൽ, ആശുപത്രി സൂപ്രണ്ട് എൻ.എ. ഷീജ, ദിലീപ് നാരായണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.