വടക്കാഞ്ചേരി: കേരള കൗമുദിയ്‌ക്കൊപ്പം നിന്ന നേതാവായിരുന്നു അന്തരിച്ച മുൻ എം.എൽ.എ. വി. ബാലറാം. വടക്കാഞ്ചേരിയിൽ കേരള കൗമുദി റീഡേഴ്‌സ് ക്ലബ്ബ് രൂപീകരിക്കുന്നതിനും അതിന്റെ പ്രവർത്തനം വ്യാപിക്കുന്നതിനും വടക്കാഞ്ചേരി എം.എൽ.എ ആയിരുന്ന വി. ബാലറാം മുഖ്യ പങ്കുവഹിച്ചിരുന്നു.
ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ സംഘാടകനും തലപ്പിള്ളി എസ്.എൻ.ഡി.പി യൂണിയന്റെ സ്ഥാപക പ്രവർത്തകനുമായ വി.എസ് ശാസ്ത്രി, അന്നത്തെ കേരള കൗമുദി യൂണിറ്റ് ചീഫ് കെ.ഡി ദയാൽ എന്നിവരുമായി ആദ്ദേഹം മികച്ച സൗഹൃദം നിലനിറുത്തി. എം.എൽ.എയായിരിക്കെ വടക്കാഞ്ചേരി അദ്ദേഹത്തിന്റെ കർമ്മ മണ്ഡലമായി.1996 ലാണ് വി. ബാലറാം വടക്കാഞ്ചേരിയിൽ നിന്നും ആദ്യമായി യു.ഡി.എഫ് സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചത്.
കേരള കോൺഗ്രസിലെ മോഹൻദാസായിരുന്നു എതിർ സ്ഥാനാർത്ഥി. വി. ബാലറാമിന്റെ വിശ്വസ്തനായ ഇ.കെ. ദിവാകരനായിരുന്നു അന്ന് തിരഞ്ഞെടുപ്പിന്റെ ചുക്കൻ പിടിച്ചത്. വൻ ഭൂരിപക്ഷത്തൊടെയാണ് നിയമഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2001-ൽ വീണ്ടും വടക്കാഞ്ചേരിയിൽ നിന്നും അദ്ദേഹം മത്സരിച്ചു. കേരള കോൺഗ്രസിലെ എം.പി പോളിയായിരുന്നു എതിർ സ്ഥാനാർത്ഥി.
രണ്ടാം വട്ടവും അദ്ദേഹം വിജയിച്ചു. എന്നാൽ കാലാവധി പൂർത്തീയാകും മുമ്പ് 2003 ൽ കെ. മുരളീധരനായി എം.എൽ.എ. സ്ഥാനം രാജിവെച്ചു. വി. ബാലറാം വടക്കാഞ്ചേരി എം.എൽ.എയായിരിക്കെ മണ്ഡലത്തിൽ ഒട്ടേറെ വികസപ്രവർത്തനങ്ങൾ നടപ്പിലാക്കി. വടക്കാഞ്ചേരിയുടെ തീരാശാപമായിരുന്ന വടക്കാഞ്ചേരി റെയിൽവേ ഗേറ്റ് ഒഴിവാക്കി മേൽപ്പാലം നിർമ്മിക്കുന്നതിന് ആദ്യ സർവേ ആരംഭിച്ചതും വി. ബാലറാമായിരുന്നു. പ്രവർത്തകർക്കിടയിൽ ബാലാജി എന്നറിയപ്പെട്ടിരുന്ന വി. ബാലറാം കക്ഷി രാഷ്ട്രീയം നോക്കാതെ മണ്ഡലത്തിലെ വികസനങ്ങൾക്ക് മുൻകൈയെടുത്ത വ്യക്തിയായിരുന്നു.