ചാലക്കുടി: അടിയ്ക്കടിയുണ്ടാകുന്ന കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങൾ നിമിത്തം കേരളത്തിന്റെ നട്ടെല്ല് തകരുകയാണെന്നും ഇതിനു ബദലായി കർഷകരെ സംരക്ഷിക്കുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി വി.എസ്. സുനിൽകുമാർ. കുറ്റിക്കാട് ഫൊറോന പള്ളിയുടെ തിരുനാൾ ശതാബ്ദി സമാപനത്തോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട രൂപതയുടെ സഹകരണത്തോടെ ആരംഭിച്ച കാർഷിക എക്‌സ്‌പോ,കർഷക സംഗമം എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതുതായി കൊണ്ടുവന്ന ആർ.സി.പി കരാർ ശക്തമായ എതിർപ്പു കാരണം കേന്ദ്ര സർക്കാർ തൽക്കാലം മാറ്റിവച്ചിരിക്കുകയാണ്. ഇതു നടപ്പായാൽ നാണ്യ വിളകൾ അടക്കമുള്ളവ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തും. ഇവയെല്ലാം നിലവിലെ വിലയിൽ നിന്നും മൂന്നിലൊന്നായി കുറഞ്ഞ് കേരളത്തിലും ലഭിക്കും. ഇതോടെ നമ്മുടെ കർഷകരും കാർഷിക രംഗവും കുത്തുപാളയെടുക്കും. കേന്ദ്രസർക്കാർ കേരളത്തിലെ കർഷകരുടെ അന്തകരാവുകയാണെന്നും വി.എസ്. സുനിൽകുമാർ തുടർന്നു പറഞ്ഞു. ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ചടങ്ങിൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സി.ജി. സിനി, ജനറൽ കൺവീനർ സിജോ പഞ്ഞിക്കാരൻ, ഫൊറോന വികാരി ഫാ.വിത്സൻ ഈരത്തറ, എം.എ. ദേവസി എന്നിവർ പ്രസംഗിച്ചു. രാവിലെ നടന്ന കർഷക സെമിനാർ രൂപ വികാരി ജനറൽ മോൺ.ജോയ് പാലിയേക്കര ഉദ്ഘാടനം ചെയ്തു. രൂപത കോഡിനേറ്റർ ഫാ.റാഫി ജോസ് അമ്പൂക്കൻ അദ്ധ്യക്ഷനായി.