തൃശൂർ: കെ. കരുണാകരനെന്ന മഹാവൃക്ഷത്തിന്റെ ചുവട്ടിൽ വളർന്നുവന്ന മഹാഭക്തർ ഏറെ ഉണ്ടെങ്കിലും എം.എൽ.എ സ്ഥാനത്ത് നിന്ന് ഒഴിയാൻ തയ്യാറായവർ ആരുണ്ട് എന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുളളൂ. വി. ബാലറാം !

രാജിവെയ്ക്കാമെന്ന് വെറും വാക്ക് പറയുന്ന നിരവധി നേതാക്കളുളള അക്കാലത്തും, ഇക്കാലത്തും ലീഡറുടെ മകൻ കെ. മുരളീധരനായി രണ്ടാമതൊന്ന് ആലോചിക്കാതെ എം.എൽ.എ. സ്ഥാനം വലിച്ചെറിഞ്ഞ വി. ബാലറാം രാഷ്ട്രീയത്തിൽ ശ്രദ്ധേയനായതും ആ ത്യാഗം കൊണ്ടുതന്നെ.

ലഭിച്ച സ്ഥാനം രാജിവെക്കുക, അതും കോൺഗ്രസിൽ, അങ്ങനെയൊന്ന് നടക്കില്ലെന്ന് കരുതിയവരാണ് ഏറെയും. ഒരു പഞ്ചായത്തംഗം പോലും അങ്ങനെ ത്യാഗിയാകാൻ തയ്യാറാകില്ലെന്ന് കോൺഗ്രസുകാർ തന്നെ പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും സൗമ്യതയുടെ മുഖമായിരുന്ന ബാലറാമിൻ്റെ സ്ഥാനത്യാഗത്തെ തുടർന്നുള്ള സംഭവവികാസങ്ങൾ പിന്നീട് കേരള രാഷ്ടീയത്തിലും കോൺഗ്രസിലും പുത്തൻ വഴികളും വെട്ടി.

ദേശീയ രാഷ്ട്രീയത്തെ ഞെട്ടിച്ച്, ലീഡറുടെ നേതൃത്വത്തിൽ കോൺഗ്രസിൽ പിളർപ്പുണ്ടായി. ഡി.ഐ.സി എന്ന രാഷ്ട്രീയ സംഘടന പിറന്നു. കോൺഗ്രസ് രാഷ്ട്രീയം പുകഞ്ഞു. ഒടുവിൽ ലീഡറുമായി പിണങ്ങി, ബാലറാം പാർട്ടിയിലെത്തി.

ത്യാഗത്തിന്റെ വഴി:


2004 ഫെബ്രുവരി. അന്നും അതിന് മുമ്പും കോൺഗ്രസിന്റെ കുത്തകയായിരുന്നു വടക്കാഞ്ചേരി നിയമസഭാ മണ്ഡലം. ഏ.കെ ആന്റണി ആയിരുന്നു അന്ന് മുഖ്യമന്ത്രി. കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരനും. കോൺഗ്രസിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് തടയിടാൻ ഹൈക്കമാൻഡ് നിർദ്ദേശ പ്രകാരം മന്ത്രിസഭയിൽ കെ. മുരളീധരനെ വൈദ്യുതി മന്ത്രിയാക്കി. എൽ.എൽ.എ അല്ലാതിരുന്ന കെ. മുരളീധരന് ആറു മാസത്തിനുള്ളിൽ മത്സരിച്ച് ജയിപ്പിക്കേണ്ടിയിരുന്നു. ആരെ രാജിവെപ്പിച്ച് മുരളീധരൻ മത്സരിക്കുമെന്നായി ആലോചന.

ഒടുവിൽ കണ്ണുകളെല്ലാം വടക്കാഞ്ചേരിയിലെത്തി. മുരളീധരന് എതിരെ അന്ന്, സി.പി.എം ഏരിയ സെക്രട്ടറിയായിരുന്ന എ.സി മൊയ്തീനെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കി. ബി.ജെ.പിയാകട്ടെ നാട്ടുകാരിയായ ശോഭ സുരേന്ദ്രനെയും.

മത്സരം പൊടിപാറി. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ കോൺഗ്രസ് ഞെട്ടി. കെ. മുരളീധരൻ പരാജയപ്പെട്ടു. വീണ്ടും കോൺഗ്രസിൽ കലാപക്കൊടി. അത് ചെന്നെത്തിയത് ഡി.ഐ.സി എന്ന രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണത്തിലും. ബാലറാം അടക്കമുള്ള പ്രമുഖ നേതാക്കൾ കോൺഗ്രസ് വിട്ടു. ഇന്ദിരാഗാന്ധിയുടെ പേരിൽ രൂപീകരിച്ച ഡി.ഐ.സിക്ക് ഏറെക്കാലം പിടിച്ചു നിൽക്കാനായില്ല. ഒടുവിൽ ലീഡർ അടക്കമുള്ളവർ കോൺഗ്രസിൽ തിരിച്ചെത്തി. അതെ, ഇതൊരു സ്ഥാനത്യാഗത്തിൻ്റെ അനന്തരകഥകൾ...