തൃപ്രയാർ: കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വനിയമം മൂലം രാജ്യത്തെ പൗരന്മാർക്ക് യാതൊരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. തൃപ്രയാറിൽ പൗരത്വ നിയമത്തിന് അനുകൂലമായി ബി.ജെ.പി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. നിയമം മൂലം 130 കോടി ജനങ്ങൾക്ക് പൗരത്വം നിഷേധിക്കാനാവില്ല. മറ്റു രാജ്യങ്ങളിൽ മതപരമായ പീഡനം മൂലം ഇവിടേക്ക് വന്നവർക്കായാണ് നിയമം. ഇന്ത്യ മതേതരമാണ്. എന്നാൽ മൂന്ന് രാജ്യങ്ങളിൽ മത നിയമങ്ങൾക്കാണ് പ്രാമുഖ്യം. അവിടെ മതപരമായ പീഡനങ്ങളാണ് നടക്കുന്നത്. രാജ്യം ഭരിച്ചിരുന്ന കോൺഗ്രസ് വോട്ട് ബാങ്ക് നോക്കിയാണ് നിയമം നടപ്പാക്കിയത്. ഉഗാണ്ട, സൗരാഷ്ട്ര, ശ്രീലങ്ക, എന്നിവിടങ്ങളിൽ നിന്നും വന്നവർക്ക് പൗരത്വം നൽകിയിട്ടുണ്ട്. ബംഗ്‌ളാദേശ് രൂപം കൊണ്ടപ്പോഴും ഇവിടേക്ക് വന്നവർക്ക് രാജീവ് ഗാന്ധി അടക്കമുള്ളവരാണ് പൗരത്വം നൽകി സ്വീകരിച്ചത്. നിയമത്തെ കുറിച്ച് തെറ്റിദ്ധാരണ ഉളവാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സി.എ.എയ്ക്ക് എൻ.ആർ.സിയുമായി ബന്ധമില്ല. ഇത് നടപ്പാക്കണമെന്നത് സുപ്രീംകോടതിയുടെ നിർദ്ദേശമാണ്. കേരള നിയമസഭയിൽ എന്തു നിയമമനുസരിച്ചാണ് പിണറായി വിജയൻ പ്രമേയം പാസാക്കിയതെന്നറിയില്ലെന്നും സദാനന്ദ ഗൗഡ പറഞ്ഞു. ബി.ജെ.പി നാട്ടിക മണ്ഡലം പ്രസിഡന്റ് ഇ.പി ഹരീഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പി. ശിവശങ്കരൻ പ്രസംഗം പരിഭാഷപ്പെടുത്തി. നേതാക്കളായ എ.എൻ രാധാകൃഷ്ണൻ, ഉല്ലാസ് ബാബു, അവിണിശേരി പഞ്ചായത്ത് പ്രസിഡന്റ് സൂര്യ ഷോബി, എ.ആർ അജിഘോഷ്, പ്രമീള സുദർശനൻ, നാസർ തങ്ങൾ, റുക്കിയ സുരേന്ദ്രൻ, എ.കെ ചന്ദ്രശേഖരൻ എന്നിവർ സംബന്ധിച്ചു. പൊതുയോഗം നടക്കുന്നതിന് മുമ്പ് തൃപ്രയാർ ജംഗ്ഷനിൽ മന്ത്രി നേരിട്ടെത്തി വ്യാപാര സ്ഥാപനങ്ങളിൽ കയറി നിയമത്തെ കുറിച്ച് സംസാരിച്ചു. ആളുകളുടെ സംശയങ്ങൾക്ക് മറുപടി നൽകി.