ചെറുതുരുത്തി: പുതുശ്ശേരി മിത്രാനന്ദപുരം ക്ഷേത്രത്തിലെ മകര ചൊവ്വ മഹോത്സവം, പൊങ്കാല, ദീപകാഴ്ച എന്നിവ 21ന് നടക്കും. ചൊവ്വാഴ്ച കാലത്ത് ക്ഷേത്രത്തിൽ നടക്കുന്ന വിശേഷാൽ ചടങ്ങുകളിൽ ക്ഷേത്രം തന്ത്രി തിയ്യന്നൂർ ശ്രീധരൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. ഭദ്രകാളി നടയിൽ സ്ത്രീകൾ ദേവിക്ക് പൊങ്കാല സമർപ്പിക്കും. ക്ഷേത്രം മേൽശാന്തി തോട്ടത്തിൽ മന ശിവകരൻ നമ്പൂതിരി പൊങ്കാല അടുപ്പിലേക്ക് അഗ്‌നി പകർന്നു നൽകും. വൈകീട്ട് നിളാതീരവും കൊയ്‌തൊഴിഞ്ഞ പാടങ്ങളും ക്ഷേത്ര പരിസരവും മൺചരാതുകളിൽ നിറഞ്ഞു കത്തുന്ന ദീപാലങ്കാര പ്രഭയിലമരും. വൈകീട്ട് 6നു നടക്കുന്ന കേളി, ദീപാരാധന എന്നിവക്കു ശേഷമാണ് പതിനായിരക്കണക്കിന് ദീപങ്ങൾ തെളിക്കുന്ന ദീപാലങ്കാര യജ്ഞം നടക്കുക. വൈകീട്ട് 8ന് കവളപ്പാറ കൃഷ്ണപ്രവീൺ പൊതുവാളും സംഘവും അവതരിപ്പിക്കുന്ന തായമ്പക തുടർന്ന് രാത്രി 10ന് ഭദ്രകാളി ക്ഷേത്ര നടയിൽ നിന്നും മേളത്തോടു കൂടി പുറപ്പെടുന്ന താലമെഴുന്നെള്ളിപ്പ് വിളയത്ത് ക്ഷേത്രത്തിലെത്തി അൽത്തറ പ്രദക്ഷിണത്തിനു ശേഷം രാത്രിയോടെ ക്ഷേത്രത്തിൽ തിരിച്ചെത്തി താലം ചൊരിയുന്നതോടെ ചടങ്ങുകൾക്ക് സമാപനമാകും.