തൃശൂർ: 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ' എന്ന സന്ദേശത്തിലൂടെ ശ്രീനാരായണ ഗുരുദേവൻ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിപ്പിക്കുകയായിരുന്നുവെന്ന് ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ കുണ്ഡലിനിപ്പാട്ടിന്റെ മോഹിനിയാട്ട നൃത്താവിഷ്കാരം 'ഏകാത്മകം മെഗാ ഇവന്റിൽ' അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആറായിരത്തോളം നർത്തകിമാർ ഇങ്ങനെയൊരു ആവിഷ്കാരം നടത്തുന്നുവെന്നത് അദ്ഭുതാവഹമാണ്. ആത്മനർത്തകനാണ് വടക്കുന്നാഥൻ. ആത്മനർത്തനം തന്നെയാണ് ധ്യാനം. അത് തന്നെയാണ് കുണ്ഡലിനി. ഇത്തരത്തിൽ ഒരു നൃത്താവിഷ്കാരം കാണാനായതിൽ സന്തോഷമുണ്ടെന്നും എല്ലാവർക്കും സ്നേഹാദരങ്ങൾ അർപ്പിക്കുന്നുവെന്നും മലയാളത്തിൽ പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.