തൃശൂർ: ഗുരുദേവ കൃതിയായ കുണ്ഡലിനി പാട്ടിന്റെ ഭക്തിയിലും മോഹിനിയാട്ടത്തിന്റെ ലാസ്യ ഭംഗിയിലും അയ്യായിരം നർത്തകിമാർ അലിഞ്ഞു ചേർന്നപ്പോൾ വടക്കുന്നാഥന്റെ തിരമുറ്റത്ത് പിറന്നത് ചരിത്രം. 'ഏകാത്മകം" നൃത്താവിഷ്കാരം ഗിന്നസ് റെക്കാഡ് നേടിയെന്ന ഗിന്നസ് പ്രതിനിധിയുടെ പ്രഖ്യാപനം ചടങ്ങിന് സാക്ഷ്യം വഹിച്ച പതിനായിരങ്ങൾ കരഘോഷത്തോടെ സ്വീകരിച്ചു.
ഇന്നലെ രാവിലെ മുതൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നർത്തകിമാർ ഏകാത്മകം മെഗാ ഇവന്റിനായി എത്തിക്കൊണ്ടിരുന്നു. വൈകിട്ട് നാലിന് ഗിന്നസ് ബുക്ക് പ്രതിനിധി ഗ്ലെൻ ആൻഡ്രൂ പൊള്ളാർഡ് സ്റ്റേജിലെത്തി. തുടർന്ന് ജീവനകലയുടെ ആചാര്യൻ ശ്രീശ്രീ രവിശങ്കർ, കേന്ദ്രമന്ത്രി വി. മുരളീധരൻ, മന്ത്രിമാരയ വി.എസ്. സുനിൽകുമാർ, സി. രവീന്ദ്രനാഥ്, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രീതി നടേശൻ, യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരുമെത്തി. വെള്ളാപ്പള്ളിയും ശ്രീശ്രീ രവിശങ്കറും ചേർന്ന് ദീപം തെളിച്ചതോടെ പരിപാടിക്ക് തുടക്കമായി. ശിവഗിരി
ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.
വി.മുരളീധരൻ ഇവന്റ് ഉദ്ഘാടനം ചെയ്തു. ശ്രീശ്രീ രവിശങ്കർ ആശംസ നേർന്നു. വി.എസ്. സുനിൽകുമാർ, സി. രവീന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, തൃശൂർ മേയർ അജിത വിജയൻ, യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, അഡ്വ. എ.എൻ രാജൻ ബാബു എന്നിവരും പങ്കെടുത്തു.
ഉദ്ഘാടനച്ചടങ്ങിന് ശേഷം, 'ആടു പാമ്പേ പുനം തേടു പാമ്പേ, അരുളാനന്ദക്കൂത്തു കണ്ടാടു പാമ്പേ..." എന്ന വരികൾക്കനുസരിച്ച് അയ്യായിരം പേരും ഒരേ മനസോടെ നൃത്തമാടി. നൃത്താവിഷ്കാരത്തിന് ശേഷം സംഗീതജ്ഞൻ കാവാലം ശ്രീകുമാർ 'ഒരു ജാതി ഒരു മതം ഒരു ദൈവം" എന്ന ഗുരുദേവ സന്ദേശം ആറു ഭാഷകളിൽ ചൊല്ലി. വെള്ളാപ്പള്ളി നടേശൻ സമാപന പ്രഭാഷണം നടത്തി.
കലാമണ്ഡലം നർത്തകി ഡോ. ധനുഷ സന്യാലാണ് നൃത്താവിഷ്കാരത്തിന് നേതൃത്വം നൽകിയത്. ഇടപ്പള്ളി അജിത്കുമാർ സംഗീതവും മധു ബാലകൃഷ്ണൻ ശബ്ദവും നൽകി.