life-project-
മതിലകം ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: വീട് ലഭിക്കാത്തവർക്ക് വീട് ലഭിക്കാനുള്ള സാഹചര്യമൊരുക്കി ലൈഫ് പദ്ധതി തുടരുമെന്ന് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്. മതിലകം ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും വീട് എന്ന സങ്കല്പം പൂവണിയുന്ന അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതിയുടെ ഭാഗമായി മതിലകം ബ്ലോക്ക് പഞ്ചായത്തിൽ 892 വീടുകളാണ് പൂർത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ മതിലകം, എസ് എൻ പുരം, എടവിലങ്ങ്, എറിയാട്, എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം എന്നീ പഞ്ചായത്തുകളിലായാണ് വീടുകൾ പണിതത്. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പദ്ധതി ഡയറക്ടർ സെറീന റഹ്മാൻ പദ്ധതി അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി, ജില്ലാ പഞ്ചായത്ത് അംഗം ബി.ജി വിഷ്ണു, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.ജി സുരേന്ദ്രൻ, സൗദ നാസർ, പ്രസാദിനി മോഹനൻ, എ.പി ആദർശ്, ടി.വി സുരേഷ് , ബൈന പ്രദീപ് എന്നിവർ പങ്കെടുത്തു.