തൃശൂർ: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ പ്രതിപക്ഷം അനാവശ്യ പ്രകോപനം ഉണ്ടാക്കരുതെന്ന് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ. കേന്ദ്ര സർക്കാരിനെതിരെ മറ്റൊരു ആക്ഷേപവും പറയാൻ ഇല്ലാത്തിനാലാണ് പ്രതിപക്ഷം പൗരത്വ നിയമ പ്രശ്‌നം തെരുവിലെത്തിച്ച് മതപരമായ വിഭാഗീയതയ്ക്ക് ശ്രമിക്കുന്നത്. വ്യക്തികളുടെയും പാർട്ടികളുടെ താൽപര്യം ദേശ താൽപര്യത്തിന് മുകളിലാവരുത്. ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി പൗരത്വ ഭേദഗതി നിയമത്തിന് ഒരു ബന്ധവുമില്ലെന്നിരിക്കെ പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്നും സദാനന്ദ ഗൗഡ കുറ്റപ്പെടുത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ബോധവത്കരിക്കാൻ എത്തിയ കേന്ദ്ര മന്ത്രി വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പാർട്ടികൾ അധികാരത്തിൽ വന്നാൽ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞത് നടപ്പാക്കുകയെന്നത് സ്വാഭാവികമാണ്. പൗരത്വ ഭേദഗതി നിയമം ബി.ജെ.പിയുടെ വാഗ്ദാനമായിരുന്നു. 2014ലേതിനെക്കാൾ വലിയ ഭൂരിപക്ഷം 2019ൽ ബി.ജെ.പിക്ക് കേന്ദ്രത്തിൽ ലഭിച്ചത് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നും നിറവേറ്റിയതിനാലാണെന്ന് കേന്ദ്ര മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, പട്ടികജാതി മോർച്ച അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് എന്നിവർ സംബന്ധിച്ചു.