തൃശൂർ :എസ്.എൻ.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ വടക്കുന്നാഥ ക്ഷേത്ര മൈതാനിയിൽ സംഘടിപ്പിച്ച കുണ്ഡിലിനിപ്പാട്ട് നൃത്താവിഷ്‌കാരത്തിന് നേതൃത്വം നൽകിയ കലാമണ്ഡലം ഡോ. ധനുഷാ സന്യാൽ ആയിരങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. ആറുമാസത്തോളം സംസ്ഥാനത്തൊട്ടാകെ സഞ്ചരിച്ച് കലാകാരികളെ നൃത്താവിഷ്‌കാരത്തിന്റെ ചുവടുകൾ പരിശീലിപ്പിച്ചാണ് ഡോ. ധനുഷാ സന്യാൽ മോഹിനിയാട്ടം അവതരിപ്പിച്ചത്.

കുണ്ഡലിനിപ്പാട്ട് ചിട്ടപ്പെടുത്തിയതും ധനുഷ തന്നെയായിരുന്നു. 2018 സംസ്ഥാന സർക്കാരിന്റെ യുവനർത്തകർക്കുള്ള വി.എസ് ശർമ്മ എൻഡോവ്‌മെന്റ് അവാർഡിനും ധനുഷ അർഹയായിട്ടുണ്ട്. ദൈവദശകം പ്രാർത്ഥനാ ഗീതത്തെ ആസ്പദമാക്കി 1,500 നർത്തകിമാരെ ഒരേ വേദിയിൽ അണിനിരത്തി ഗിന്നസ് പുരസ്‌കാരത്തിനും അർഹയായിട്ടുണ്ട്. കുണ്ഡലിനിപ്പാട്ടിന് നേതൃത്വം നൽകിയ ധനുഷയെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉപഹാരം നൽകി ആദരിച്ചു. അതോടൊപ്പം കേന്ദ്ര വനിതാ സംഘം പ്രസിഡന്റ് കെ.പി കൃഷ്ണ കുമാരി, ചീഫ് കോ ഓർഡിനേറ്റർ അഡ്വ. സംഗീത വിശ്വനാഥൻ, യോഗം കൗൺസിലർ ഷീബ ടീച്ചർ എന്നിവരും പ്രശംസ പിടിച്ചു പറ്റി.