തൃശൂർ: ഗുരുദേവ സന്ദേശത്തിൻ്റെ ആന്തരാർത്ഥം ജീവിതത്തിലേക്ക് സ്വാംശീകരിക്കാൻ എല്ലാവർക്കും കഴിയണമെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ കുണ്ഡലിനിപ്പാട്ടിന്റെ മോഹിനിയാട്ട നൃത്താവിഷ്കാരം 'ഏകാത്മകം മെഗാ ഇവന്റ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുണ്ഡലിനിപ്പാട്ടിൻ്റെ നൃത്താവിഷ്കാരം ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണ്.

ഇത്തരത്തിൽ ഒരു നൃത്താവിഷ്കാരം ജനങ്ങളിലെത്തിക്കാൻ ഇന്നേവരെ ആർക്കും കഴിഞ്ഞിട്ടില്ല. ചരാചരങ്ങളിലെല്ലാം ഒരേ ചൈതന്യമാണ് കുടികൊളളുന്നതെന്ന് ഗുരുദേവൻ തൻ്റെ കൃതികളിലൂടെ അറിയിച്ചു. ആ സന്ദേശമാണ് ഈ കൃതിയിലുളളത്. സുകുമാർ അഴീക്കോട് അടക്കമുളള വലിയ സാഹിത്യകാരന്മാർ ഈ കൃതിയെ മഹത്തരമായി വിലയിരുത്തിയിട്ടുണ്ട്. കുണ്ഡലിനിപ്പാട്ടിൻ്റെ സത്ത ജീവിതത്തിൽ പ്രായോഗികമാക്കുക എന്നത് തന്നെയാണ് പ്രധാനമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധത്തെ ലളിതമായ പദങ്ങളിലൂടെയാണ് ഗുരുദേവൻ ആവിഷ്കരിച്ചത്. ആ കൃതിയുടെ ആന്തരാർത്ഥം മനസിലാക്കിയാൽ ആ ലാളിത്യം തിരിച്ചറിയും. പരമാനന്ദത്തെ നുകരുന്ന ഗുരുസന്ദേശം ഈ കാലത്തിലെ എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കാൻ സഹായകരമാകും. എസ്.എൻ.ഡി.പി നേതൃത്വത്തെയും ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെയും മറ്റ് ഭാരവാഹികളെയും നൃത്തം ചിട്ടപ്പെടുത്തിയ ഡോ. ധനുഷാ സന്യാലിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ..