തൃശൂർ: ഭാരതത്തിലുണ്ടായിരുന്ന അന്ധതയും അനാചാരവും മാറ്റാൻ അവതരിച്ച മഹാഗുരുവാണ് ശ്രീനാരായണ ഗുരുദേവനെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ കുണ്ഡലിനിപ്പാട്ടിന്റെ മോഹിനിയാട്ട നൃത്താവിഷ്കാരം 'ഏകാത്മകം മെഗാ ഇവന്റിൽ' അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യോഗാദി സാധന കൊണ്ട് മാത്രമേ പഞ്ചേന്ദ്രിയങ്ങളെ അരിഞ്ഞു വീഴ്ത്തി ബാഹ്യസഞ്ചാരത്തെ ഒഴിവാക്കാനാകൂ. അങ്ങനെ മനസിനെ അന്തർലീനമാക്കി ബ്രഹ്മപദത്തിനെത്തുന്നതിനുള്ള ഉപാസനയാണ് കുണ്ഡലിനിപ്പാട്ട്. ഇതിന്റെ നൃത്ത സാക്ഷാത്കാരം ലോകത്തിന്റെ നെറുകയിലെത്തിക്കാൻ ശ്രമിച്ച എസ്.എൻ.ഡി.പി പ്രവർത്തകരെ അഭിനന്ദിക്കുന്നു. ഈ യോഗ സാധനാകൃതിയെ മാസങ്ങളോളം നീണ്ട പരിശ്രമത്താലാണ് നൃത്താവിഷ്കാരമായി മാറ്റിയത്. ഇക്കാര്യത്തിൽ എസ്.എൻ.ഡി.പി. യോഗത്തിന്റെ പ്രതിബദ്ധത ആവർത്തിച്ച് ഊന്നിപ്പറയേണ്ടതുണ്ട്. നർത്തകിമാരെ നർത്തനം ചെയ്യാൻ പ്രാപ്തരാക്കിയ ഗുരുക്കന്മാരെയും സംഘാടകരെയും പ്രശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.