തൃശൂർ: സാംസ്‌കാരിക തലസ്ഥാനത്ത്, വടക്കുന്നാഥൻ്റെ തിരുമുറ്റത്ത് മോഹിനിയാട്ടത്തിൽ പുത്തൻ ചരിത്രം കുറിച്ച് കുണ്ഡലിനിപ്പാട്ട് മോഹിനിയാട്ടം. നേരത്തെ ഇന്ത്യയിൽ 1297 കലാകാരികൾ പങ്കെടുത്തതായിരുന്നു മോഹിനിയാട്ടത്തിലുണ്ടായിരുന്ന റെക്കാഡ്. ഇന്നലെ എസ്.എൻ.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഏകാത്മകത്തിൽ അണിനിരന്നത് 4706 പേരാണ്. കുറിച്ചത് ഗിന്നസ് റെക്കാഡും.
വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് കുണ്ഡിലിനിപ്പാട്ട് നൃത്താവിഷ്‌കാരത്തിന് ആറായിരത്തോളം കലാകാരികൾ എത്തിയിരുന്നെങ്കിലും സ്ഥല പരിമിതി മൂലം നിരവധി പേരെ ഗിന്നസ് അധികൃതരുടെ നിർദ്ദേശ പ്രകാരം മാറ്റി നിറുത്തേണ്ടി വന്നു.
എന്നിട്ടും നാലായിരത്തിലേറെ പേർ അണിനിരന്നു. അര മണിക്കൂറോളം നീണ്ട നൃത്താവിഷ്‌കാരത്തിന് കലാമണ്ഡലം ഡോ. ധനുഷ സന്യാലിന്റെ നേതൃത്വത്തിൽ ചുവടുവച്ചു. ഗ്ലെൻ ആൻഡ്രൂ പൊള്ളാർഡ് പുതിയ ഗിന്നസ് റെക്കാഡ് പ്രഖ്യാപിച്ചു. ഇതോടെ ആയിരക്കണക്കിന് വരുന്ന കലാകാരികളും യോഗം പ്രവർത്തകരും ഹർഷാരവം മുഴക്കി. ഗിന്നസ് രേഖകൾ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കലാമണ്ഡലം ഡോ. ധനുഷാ സന്യാൽ എന്നിവർക്ക് കൈമാറി.
ഗിന്നസ് അധികൃതർക്കുള്ള ഉപഹാര സമർപ്പണം യോഗം ജനറൽ സെക്രട്ടറി സമ്മാനിച്ചു. യോഗം പ്രസിഡന്റ് ഡോ. എം.എൻ സോമൻ, മന്ത്രി വി.എസ് സുനിൽ കുമാർ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, ചീഫ് കോ ഓർഡിനേറ്റർ അഡ്വ. സംഗീത വിശ്വനാഥൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഗിന്നസ് പ്രഖ്യാപനം...