തൃശൂർ: ആശയ സംഹിതയ്ക്ക് മാറ്റം വന്നിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നതെന്ന് യോഗാചാര്യൻ ശ്രീശ്രീ രവിശങ്കർ. ആശയങ്ങൾക്ക് മാറ്റം വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മാറ്റം ആവശ്യമാണെന്ന് ചിന്തിച്ചു തുടങ്ങുന്നത് തന്നെ പരിവർത്തനത്തിന്റെ ലക്ഷണമാണെന്നും ശ്രീശ്രീ പറഞ്ഞു. തൃശൂർ വടക്കുന്നാഥ ക്ഷേത്രമൈതാനത്ത് ആർട് ഒഫ് ലീവിംഗ് സംഘടിപ്പിച്ച ശിവസൂത്ര ജ്ഞാന യജ്ഞത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ എല്ലായിടങ്ങളിലും മാറ്റം വന്നിരിക്കുന്നു. കമ്മ്യൂണിസത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങിയ റഷ്യയിലും ചൈനയിലും പോലും ആശയസംഹിതയ്ക്ക് പരിവർത്തനം വന്നു. ചൈനയിലും റഷ്യയിലും വ്യാപകമായി ലെനിന്റെ പ്രതിമകൾ തകർത്തെറിയപ്പെട്ടത് ഇതിന് ഉദാഹരണമാണ്. ശിവസൂത്ര ജ്ഞാനയജ്ഞം പോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് ഓരോ മനുഷ്യരിലും നന്മയും ആശയങ്ങളും വളരാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് യോഗ അദ്ധ്യാപകരുടെ പരിശീലന ക്ലാസും നടന്നു.