തൃശൂർ : ജയിൽ വികസന പ്രവർത്തനങ്ങളിൽ ഇന്ത്യയിൽ കേരളം ഒന്നാം സ്ഥാനത്താണെന്ന് ഡി.ജി.പി ഋഷിരാജ് സിംഗ്. വിയ്യൂർ അതീവ സുരക്ഷാ ജയിലിന് സമർപ്പിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തടവറയിൽ എത്തുന്നവർക്ക് ശിക്ഷ ലഭിച്ചവർ എന്നോ വിചാരണ തടവുകാർ എന്നോ വ്യത്യാസമില്ലാതെ തൊഴിൽ സാദ്ധ്യതാ പരിശീലനം ഇവിടെ നൽകുന്നു. 35 കോടിയുടെ ജയിൽ ഉത്പന്നം വിറ്റ ഒരേ ഒരു സംസ്ഥാനവും, 60 ദിവസത്തിനുള്ളിൽ പരോൾ ലഭ്യമാക്കുന്ന സംസ്ഥാനവും കേരളമാണെന്നും അദ്ദേഹം അറിയിച്ചു. ടി.എൻ പ്രതാപൻ എം.പി നൽകിയ പുസ്തകം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം സുനിൽ ലാലൂർ ഡി.ജി.പിക്ക് കൈമാറി. കൗൺസിലർ വി.കെ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ, എഴുത്തുകാരായ കെ . വേണു, ബാലചന്ദ്രൻ വടക്കേടത്ത് എന്നിവർ ആശംസകൾ അർപ്പിക്കാനെത്തി. തൃശൂർ മദ്ധ്യമേഖല ഡി.ഐ.ജി സാം തങ്കയ്യൻ, സെൻട്രൽ ജയിൽ സൂപ്രണ്ട് എൻ.എസ് നിർമ്മലാനന്ദൻ നായർ, റീജിയണൽ വെൽഫെയർ ഓഫീസർ ലക്ഷ്മി. കെ, അതീവ സുരക്ഷാ ജയിൽ സൂപ്രണ്ട് എ.ജി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു...