തൃശൂർ : ബി.ജെ.പി ജില്ലാ പ്രസിഡന്റായി അഡ്വ. കെ.കെ. അനീഷ് കുമാറിനെ (41) തിരഞ്ഞെടുത്തു. ഇന്നലെ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന തിരഞ്ഞെടുപ്പിൽ ഏകകണ്ഠമായിരുന്നു തിരഞ്ഞെടുപ്പ്. വരണാധികാരി പാലാ ജയസൂര്യൻ അനീഷിനെ ജില്ലാ പ്രസിഡന്റായി പ്രഖ്യാപിച്ചു. ഏഴ് വർഷത്തിലധികം ജില്ലാ പ്രസിഡന്റായിരുന്ന എ. നാഗേഷിന്റെ കാലാവധി തീർന്നതിനെ തുടർന്നാണ് പുതിയ ജില്ലാ പ്രസിഡന്റായി അനീഷ് കുമാറിനെ തിരഞ്ഞെടുത്തത്.

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ എ.ബി.വി.പിയിലൂടെയാണ് അനീഷ് പൊതു പ്രവർത്തന രംഗത്ത് സജീവമായത്. പിന്നീട് കുന്നംകുളം വിവേകാനന്ദ കോളേജിൽ മാഗസിൻ എഡിറ്ററായും യൂണിയൻ ചെയർമാനായും വിജയിച്ചു. വിവേകാനന്ദാ കേളേജിലെ എ.ബി.വി.പിയുടെ 20 വർഷത്തെ അപരാജിതമായ മുന്നേറ്റത്തിന് തുടക്കമിട്ടത് അനീഷ്‌ കുമാറാണ്. വിവേകാനന്ദ കോളേജിലെ പി.ജി പഠനത്തിന് ശേഷം തൃശൂർ ലോ കോളേജിലെത്തിയ അനീഷ്‌കുമാർ സ്റ്റുഡന്റ് എഡിറ്ററായി. വിദ്യാർത്ഥി കാലഘട്ടത്തിൽ എ.ബി.വി.പിയുടെ വിവിധ ചുമതലകൾ വഹിച്ച അനീഷ്‌കുമാർ പിന്നീട് ആർ.എസ്.എസിന്റെ ഖണ്ഡ് ഭൗതിക് പ്രമുഖായും പ്രവർത്തിച്ചു.

2010 ൽ യുവമോർച്ച ജില്ലാ പ്രസിഡന്റായി. പിന്നീട് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായും ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2011 ൽ കുന്നംകുളത്ത് നിന്ന് നിയമസഭയിലേക്ക് കന്നി പോരാട്ടത്തിനിറങ്ങി 12000 വോട്ടുകൾ നേടി. 2016ൽ വീണ്ടും അവിടെ മത്സരിച്ച് 30,000 വോട്ടായി ഉയർത്തി. ടോൾ, ശബരിമല, പ്രളയം തുടങ്ങിയ വിഷയങ്ങളിലെല്ലാം സമരരംഗത്തെ സജീവസാന്നിദ്ധ്യമായി. 15 വർഷമായി തൃശൂർ ബാറിലെ അഭിഭാഷകനും കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡിംഗ് കൗൺസിൽ അംഗവുമാണ്. ഭാര്യ ഡോ. അമുദ തൃശൂർ മദർ ആശുപത്രിയിലെ പീഡിയാട്രീഷ്യനാണ്. മകൾ നമാമി. പുതിയ ജില്ലാ പ്രസിഡന്റിന് എ. നാഗേഷ് രേഖകൾ കൈമാറി. മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി ശ്രീധരൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് എം.എസ് സമ്പൂർണ്ണ, വക്താവ് ബി. ഗോപാലകൃഷ്ണൻ, മദ്ധ്യമേഖല സംഘടനാ സെക്രട്ടറി സുരേഷ് എന്നിവർ സംസാരിച്ചു.