തൃശൂർ : സംസ്ഥാനത്ത് ലൈഫ് മിഷൻ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ വീടുകൾ പൂർത്തീകരിച്ച് തൃശൂർ ജില്ലാ പഞ്ചായത്ത് നേട്ടം കൈവരിച്ചു. ലൈഫ് മിഷൻ ഒന്നാം ഘട്ടത്തിൽ തൃശൂർ ജില്ലയിൽ മുൻ വർഷങ്ങളിൽ വിവിധ സർക്കാർ ഭവന പദ്ധതികളിൽ 3073 ഭവനങ്ങളാണ് പൂർത്തീകരിക്കാൻ അവശേഷിച്ചിരുന്നത്.
അതിൽ 2953 ഭവനങ്ങൾ പൂർത്തീകരിച്ച് 96 ശതമാനം നേട്ടം കൈവരിച്ചു. പട്ടികജാതി വകുപ്പ് 305 ഭവനങ്ങളും പട്ടികവർഗ്ഗ വകുപ്പ് 118 ഭവനങ്ങളും പൂർത്തീകരിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് ഈ ഘട്ടത്തിൽ 190 പട്ടികജാതി ഗുണഭോക്താക്കളുടെ ഭവനങ്ങൾ പൂർത്തീകരിക്കാനുണ്ടായിരുന്നതിൽ 179 ഭവനങ്ങൾ പൂർത്തിയാക്കി. തൃശൂർ കോർപറേഷൻ 315 ഗുണഭോക്താക്കളുമായി കരാറിൽ ഏർപ്പെട്ടതിൽ 314 പേരുടെയും ഭവനനിർമ്മാണം പൂർത്തിയാക്കി.
ജില്ലയിലെ എല്ലാ മുൻസിപ്പാലിറ്റികളും കൂടി ലൈഫ് മിഷൻ ഒന്നാം ഘട്ടത്തിൽ 340 വീടുകൾ പൂർത്തീകരിച്ചപ്പോൾ തൃശൂർ കോർപറേഷൻ മാത്രം 315 വീടുകൾ പൂർത്തീകരിച്ചു. സംസ്ഥാനത്ത് ലൈഫ് മിഷൻ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഭവനങ്ങൾ പൂർത്തീകരിച്ചത് തൃശൂർ ജില്ലാ പഞ്ചായത്താണ്.
16 ബ്ലോക്ക് പഞ്ചായത്തുകളിൽ ചേർപ്പ്, ചൊവ്വന്നൂർ, പുഴയ്ക്കൽ, ഒല്ലൂക്കര, മതിലകം എന്നീ ബ്ലോക്ക് പഞ്ചായത്തുകൾ നൂറ് ശതമാനം നേട്ടം കൈവരിച്ചു.