തൃശൂർ : കുതിരാനിലൂടെ 2000 മെഗാവാട്ട് വൈദ്യുതി ലൈൻ (എച്ച്.വി.ഡി.സി) കടന്നുപോകുന്നതിന് ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ഊർജവകുപ്പ് സെക്രട്ടറി ബി. അശോകും ജില്ലാ കളക്ടർ എസ്. ഷാനവാസും പവർ ഗ്രിഡ് മേധാവിയും സ്ഥലപരിശോധന നടത്തി.

കുതിരാൻ കയറ്റത്തിന്റെ ഭാഗത്താണ് ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തിയത്. തുടർന്ന് തുരങ്കവും സന്ദർശിച്ചു. കുതിരാനിൽ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി തുരങ്കത്തിലൂടെ വാഹന ഗതാഗതം അനുവദിക്കുന്നതിനുള്ള സാദ്ധ്യതയും സംഘം പരിശോധിച്ചു. ഇത് സംസ്ഥാന സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിക്കും. ഇതിന്റെ ഭാഗമായി ദേശീയ പാത അധികൃതർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, പാചകവാതക കമ്പനി പ്രതിനിധികൾ, പവർ ഗ്രിഡ് കോർപറേഷൻ പ്രതിനിധികൾ എന്നിവരുടെ യോഗം നടന്നു.

കേബിൾ സ്ഥാപിക്കൽ 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും


മലബാർ ജില്ലകളിലെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനായി മുഖ്യമായും ഭൂഗർഭ കേബിൾ ശൃംഖല കുതിരാനിലൂടെ കടന്നുപോകുന്നത്. 30 ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കും. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 15 ദിവസം കൊണ്ടാണ് ഭൂഗർഭ കേബിൾ സ്ഥാപിക്കുകയെന്നും ബി. അശോക് പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ കളക്ടർ എസ്. ഷാനവാസ്, പവർ ഗ്രിഡ് സി.ഇ.ഒ എ.കെ മിശ്ര, സി.ജി.എം പി. ജയചന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഗതാഗത നിയന്ത്രണ മാർഗ്ഗങ്ങൾ പരിശോധിച്ചു


ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനു മുമ്പായി കുതിരാനിൽ പകൽ സമയത്ത് രാവിലെ 5 മുതൽ വൈകീട്ട് അഞ്ച് വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. രാവിലെ 8 മുതൽ വൈകീട്ട് 6 വരെയാണ് കേബിൾ സ്ഥാപിക്കൽ നടത്തുക.

നിയന്ത്രണമില്ല

പാലക്കാട് നിന്ന് കുതിരാൻ വഴി തൃശൂർ, എറണാകുളം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക്

എറണാകുളം, തൃശൂർ ഭാഗങ്ങളിൽ നിന്ന് കുതിരാൻ വഴി പാലക്കാട്ടേയ്ക്ക് പോകുന്ന എൽ.പി.ജി ടാങ്കറുകൾ, എമർജൻസി വാഹനങ്ങൾ, കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് പാസഞ്ചർ ബസുകൾ എന്നിവയ്ക്ക്

ആംബുലൻസ്, അടിയന്തര വാഹനങ്ങൾ

നിയന്ത്രണം ഇവയ്ക്ക്

എറണാകുളം, തൃശൂർ ഭാഗങ്ങളിൽ നിന്ന് കുതിരാൻ വഴി പാലക്കാട്ടേയ്ക്ക് പോകുന്ന ഹെവി വാഹനങ്ങൾ, മൾട്ടി ആക്‌സിൽ വാഹനങ്ങൾ

നിയന്ത്രണസമയം ഇവയ്ക്ക് കുതിരാൻ വഴി പോകാനാകില്ല.

തിരിച്ചുവിടുന്നത്

പാസഞ്ചർ കാറുകൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവ മണ്ണുത്തി ചേലക്കര റൂട്ടിലൂടെ

മോക്ക് ഡ്രിൽ


ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിന് മുന്നോടിയായി 28, 29 തിയതികളിൽ പ്രദേശത്ത് മോക്ക് ഡ്രിൽ നടത്തും. ഭൂഗർഭ കേബിൾ സ്ഥാപിച്ചു തുടങ്ങുമ്പോൾ സംഭവിച്ചേക്കാവുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനാണിത്. മോക്ക് ഡ്രിൽ സമയത്തും വാഹന നിയന്ത്രണം ഇതേപോലെ നടപ്പാക്കും. ഇതിനായി പൊലീസ്, നാഷണൽ ഹൈവേ അതോറിറ്റി, വാഹന-ഗതാഗത വകുപ്പ് തുടങ്ങിയവർക്ക് നിർദേശം നൽകിയിട്ടുണ്ട്.


(എസ്. ഷാനവാസ്, ജില്ലാ കളക്ടർ)