പുതുക്കാട്: കാൽനൂറ്റാണ്ടിലേറെയായി നാട്ടുകാർ കാത്തിരുന്ന പുതുക്കാട് സമഗ്ര കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. ജപ്പാൻ സർക്കാരിന്റെ സഹായത്തോടെ കാൽ നൂറ്റാണ്ട് മുമ്പ് ആരംഭിക്കാനിരുന്ന പദ്ധതിയാണ് ഏറെ വൈകി നബാർഡിന്റെ സഹായത്തോടെ പൂർത്തീകരിക്കാനായത്. ദേശീയപാതയ്ക്ക് കിഴക്കുവശത്ത് ചീനിക്കുന്നിൽ വാട്ടർ അതോറിറ്റിയുടെയും ഗ്രാമ പഞ്ചായത്തിന്റെയും സ്ഥലത്ത് ശുചീകരണ പ്ലാന്റ് സ്ഥാപിക്കാനായിരുന്നു ആദ്യകാലങ്ങളിൽ പദ്ധതി തയ്യാറാക്കിയത്.
എന്നാൽ ശുചീകരണ പ്ലാന്റ് സ്ഥാപിക്കുന്ന കുന്നിലുള്ള കോളേജിന് പ്ലാന്റ് ഭീഷണിയാകുമെന്ന കാരണം പറഞ്ഞ് കോളേജ് അധികൃതർ എതിർത്തിരുന്നു. എതിർപ്പ് മറികടന്ന് സമവായത്തോടെ പദ്ധതി ആരംഭിക്കാനുള്ള ശ്രമവും പരാജയപ്പെട്ടപ്പോഴാണ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ മറ്റൊരിടത്ത് പ്ലാന്റ് സ്ഥാപിക്കാൻ ആലോചിച്ചത്. അന്വേഷണം എത്തിയത് ദേശീയപാതയുടെ പടിഞ്ഞാറുവശത്തുള്ള സ്വാമീയാർകുന്നിലാണ്. ഗ്രാമ പഞ്ചായത്തിന്റെ കൈവശമുണ്ടായിരുന്ന സ്ഥലം ഇതോടെ വാട്ടർ അതോറിറ്റിക്ക് കൈമാറി.
പ്ലാന്റ് നിർമ്മാണം പൂർത്തിയായെങ്കിലും ദേശീയ പാത മുറിച്ച് പൈപ്പ് ലെയിൻ സ്ഥാപിക്കാൻ അനുമതി ലഭിക്കാതെ മാസങ്ങൾ നഷ്ടപ്പെട്ടു. ഒടുവിൽ അനുമതി ലഭിച്ചത് അടുത്തിടെ മാത്രമാണ്. ദേശീയപാത വെട്ടിപൊളിക്കാതെ നാലു മീറ്റർ ആഴത്തിൽ പാത തുളച്ച് പൈപ്പ് കടത്തുകയായിരുന്നു.
മൂന്ന് പഞ്ചായത്തുകൾക്ക് ശുദ്ധ കുടിവെള്ളം
പുതുക്കാട്, അളഗപ്പനഗർ, പറപ്പൂക്കര പഞ്ചായത്തുകളിൽ ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്നതാണ് പദ്ധതി. പത്ത് കോടി രൂപ ചെലവ് വരുന്ന പദ്ധതിയിൽ കുറുമാലി പുഴയിൽ നിർമ്മിച്ച കിണറിൽ നിന്നും 120 എച്ച്.പിയുടെ രണ്ട് വെർട്ടിക്കൽ ടർബൈൻ പമ്പ് സെറ്റ് ഉപയോഗിച്ചാണ് വെള്ളം പമ്പ് ചെയ്യുന്നത്. പമ്പ് ചെയ്യുന്ന വെള്ളം സ്വാമിയാർക്കുന്നിലെ ശുചീകരണ പ്ലാന്റിലെത്തിക്കും. ശുചീകരണത്തിന്റെ ആദ്യഘട്ടത്തിൽ വെള്ളം അന്തരീക്ഷവായുവുമായി സംയോജിപ്പിക്കുന്ന എയർഎറ്റർ എന്ന പ്രക്രിയയാണ് ഇതോടെ വെള്ളത്തിൽ മനുഷ്യന് ആവശ്യമില്ലാത്ത ലോഹ ഘടകങ്ങൾ വേർത്തിരിച്ച് മാറ്റും.
പിന്നിട് വെള്ളത്തിലെ ചെളിയുടെ അംശവും ആവശ്യമില്ലത്ത സൂക്ഷ്മ മൂലകങ്ങളും നീക്കം ചെയ്യാനുള്ള പ്രക്രിയയാണ്. പിന്നീട് പല വലുപ്പത്തിലുള്ള പ്രത്യേകതരം വെള്ളാരം കല്ലുകൾ അടുക്കിയത്, കൽക്കരി, മണൽ എന്നിവയിലൂടെ കടത്തിവിടും, എറ്റവും അവസാനം ദ്രവരൂപത്തിലുള്ള ക്ലോറിനേഷൻ നടത്തിയ ജലം പൈപ്പ് ലൈനിലൂടെ വിതരണം ചെയ്യും. വിതരണ പൈപ്പ് ലൈനിൽ നിന്നു പോലും ഒരു തരത്തിലുള്ള മാലിന്യവും കുടിവെള്ളത്തിൽ കലർന്ന് ജലം മലിനമാകില്ലെന്ന് ഉറപ്പു വരുത്തുന്നു.
ശുചീകരണത്തിന്റെ ഓരോ ഘട്ടത്തിലും ജലം പരിശോധിക്കും.ഇതിനായി പ്ലാന്റിനോട് ചേർന്ന് ആധുനിക സൗകര്യങ്ങളോടെയുള്ള 24 മണിക്കൂറുകളും പ്രവർത്തിക്കുന്ന ലാബോറട്ടറികളും സജ്ജീകരിച്ചിട്ടുണ്ട്. കുടിക്കാൻ വാങ്ങുന്ന കുപ്പിവെള്ളത്തിൽ പല പ്രമുഖ ബ്രാൻഡുകളിൽ പോലും ശുദ്ധജലമല്ലന്ന് പരിശോധനയിൽ തെളിഞ്ഞ കാലത്ത് പുതുക്കാട് സമഗ്ര കുടിവെള്ള പദ്ധതിയിൽ നിന്ന് വിതരണം ചെയ്യുന്ന ജലം നൂറു ശതമാനവും ശുദ്ധമെന്ന് ഉറപ്പിക്കാം.
ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ കുന്ന്
90 വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ സ്വാമിയാർ കുന്നിൻ മനുഷ്യവാസം ഇല്ലായിരുന്നു. കള്ളിമുൾച്ചെടികൾ മാത്രം വളർന്നിരുന്ന കുന്നിൽ കുറുക്കന്മാർ മാത്രമാണുണ്ടായിരുന്നത്. മഹാരാജ രാമവർമ്മ പതിനാലാമൻ കൊച്ചി നാട്ടുരാജ്യം ഭരിച്ചിരുന്ന കാലത്ത് ബ്രിട്ടീഷുകാർക്ക് പണം നൽകി ഷൊർണ്ണൂരിൽ നിന്നും കൊച്ചിയിലേക്ക് റെയിൽവേ ലൈൻ സ്ഥാചിച്ചപ്പോൾ തന്നെ സ്വാമിയാർ കുന്നിന്റെ തെക്ക് വശത്തായി റെയിൽവേ സ്റ്റേഷനും നിർമ്മിച്ചിരുന്നു.
ഗുരുദേവന്റെ പ്രധാന ശിഷ്യനായ ശങ്കരാനന്ദ സ്വാമിയുടെ കുറുമാലിയിലുള്ള വീട്ടിലേക്ക് പോകാൻ ട്രെയിൻ മാർഗം ഗുരുദേവനും എതാനും ശിഷ്യന്മാരും ഒരിക്കൽ പുതുക്കാട് സ്റ്റേഷനിലിറങ്ങി. അസ്തമന സൂര്യന്റെ പൊൻകിരണങ്ങളേറ്റ് വെട്ടിത്തിളങ്ങിയ കുന്ന് ഗുരുദേവന്റെ ശ്രദ്ധയാകർഷിച്ചു. ഇത് മനോഹരവും ചൈതന്യമുള്ളതുമാണെന്ന് ഗുരുദേവൻ പറയുകയുണ്ടായി.
തുടർന്നാണ് കുന്നിന്റെ വടക്കെ ചെരുവിൽ ശങ്കരാചല മഠം സ്ഥാപിതമാകുന്നത്. ശങ്കരാചല മഠം സ്ഥാപിതമായ ശേഷം ഗുരുദേവൻ ഒട്ടേറെ തവണ ഇവിടെ എത്തിയിട്ടുണ്ട്. ഗുരുദേവൻ കണ്ടെത്തിയ കുന്നിൽ തന്നെ ഏറ്റവും ശുദ്ധമായ ജലം ജനങ്ങൾക്ക് നൽകാനുള്ള പ്ലാന്റ് സ്ഥാപിതമായെന്ന യാദൃശ്ചികതയും പുതുക്കാട് സമഗ്ര കുടിവെള്ള പദ്ധതിക്കുണ്ട്.