പാവറട്ടി: പൂഴിമണ്ണിൽ ഒരു മദയാനയുടെ ചേലോടെ കിടക്കുന്ന കല്ലുത്തിപ്പാറയും ചുറ്റി വളഞ്ഞൊഴുകുന്ന പൊന്നാം തോടും കുട്ടികൾക്ക് വിസ്മയ കാഴ്ചയായി. ഫിറ്റ് ഇന്ത്യ സൈക്കിൾ ഡേ യുടെ ഭാഗമായി വിളക്കാട്ടുപാടം ദേവസൂര്യകലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയും തൃശൂർ നെഹ്‌റു യുവകേന്ദ്രയും സംയുക്തമായി സംഘടിപ്പിച്ച സൈക്കിൾ റാലി കുട്ടികൾക്ക് ആവേശമായി.
ഭൂനിരപ്പിൽ നിന്നും ഇരുപത് അടിയിലേറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാറയ്ക്കു മുകളിലെ ഒരിക്കലും വറ്റിയിട്ടില്ലാത്ത ഉറവ കുട്ടികളിൽ വിസ്മയ കാഴ്ചയായി. ത്രികോണ ആകൃതിയിലുള്ള ഉറവയുടെ കേന്ദ്രസ്ഥാനം ഒരു വലിയ പാറ വച്ച് അടക്കാൻ ശ്രമിച്ചപ്പോലെയാണ് ഉറവ കാണപ്പെടുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ ഇതുവറ്റിച്ച് ശുചീകരിക്കാനും ഇതിന്റെ ആഴം അളക്കാനും പല തവണ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് പരിസരത്തെ പഴയ തലമുറക്കാരി ചന്ദ്രമതി അറിയിച്ചു.
പണ്ട് ടിപ്പു സുൽത്താന്റെ പടയോട്ട കാലത്ത് നശിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഇവിടെ കാണപ്പെട്ടിരുന്നതായി അവർ വിശദ്ധീകരിച്ചു. ഇന്ന് ഇവിടെ ഒരു കൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. മഹാ ശിലായുഗത്തിന്റെ അവശിഷ്ടമായ മുനിയറയും കുടക്കല്ലും കൂടി സന്ദർശിച്ചാണ് സംഘം മടങ്ങിയത്. പതിനാറ് കിലോമീറ്റർ ദൂരം സഞ്ചരിച്ച റാലിയിൽ മൂന്നു വയസു മുതൽ അമ്പതു വയസ് വരെയുള്ള അമ്പതോളം പേർ അണിച്ചേർന്നു.
ഗുരുവായൂർ നഗരസഭാ കൗൺസിലർ ബിന്ദു അജിത്ത് കുമാർ സൈക്കിൾ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ദേവസൂര്യ ഭാരവാഹി റെജി വിളക്കാട്ടു പാടം അദ്ധ്യക്ഷനായിരുന്നു. നെഹ്റു യുവകേന്ദ്ര വളണ്ടിയർമാരായ കെ.ആർ. അനൂപ്, റിബ പട്ടാലി എന്നിവർ പ്രസംഗിച്ചു. എം.എം. സുമോജ്, ശ്രീരാഗ് കരിപ്പോട്ടിൽ, ടി.എസ്. അമൽനാഥ്, സി.യു. കൃഷ്ണപ്രിയ എന്നിവർ റാലിക്ക് നേതൃത്വം നൽകി.
ഫിറ്റ് ഇന്ത്യ
പൗരന്മാർ ആരോഗ്യപരമായ ജീവിതം നയിക്കാനും അവരുടെ ശാരീരിക ക്ഷമത ലക്ഷ്യങ്ങൾ നേടുന്നതിനും ഉദ്ദേശിച്ചുകൊണ്ടുള്ള പരിപാടിയാണ് ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്. സൈക്കിൾ ചവിട്ടുന്നതിലൂടെ ശാരീരികവും മാനസികവുമായ ആരോഗ്യം കൈവരിക്കുന്നതിനും സന്തോഷകരമായ ജീവിതം നേടിയെടുക്കുന്നതിനും വേണ്ടിയുള്ള ഒരു ബോധവത്കരണമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
കല്ലുത്തിപ്പാറ
അത്ഭുതങ്ങളുടെയും ഐതിഹ്യങ്ങളുടെയും വിളനിലമാണ് കല്ലുത്തിപ്പാറ. കണ്ടാണശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന കല്ലുത്തിപ്പാറയുടെ മസ്തകത്തിൽ ഒരു അത്ഭുതമായി തെളിഞ്ഞു കാണുന്ന വലിയ കാൽപാദം ശ്രീകൃഷ്ണൻ ഗോക്കളെ മേയ്ക്കാൻ വന്നപ്പോൾ കാൽ വച്ചതാണെന്ന് വിശ്വസിച്ചു വരുന്നു. ഗോക്കളുടെ കയർ വലിഞ്ഞ താണെന്നു പറയപ്പെടുന്ന പാടുകളും അവിടെ കാണാം.