ചേർപ്പ്: ഒരു കോടി രൂപ ചെലവിൽ അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രകാരം പൂർത്തീകരിച്ച പൂത്തറയ്ക്കൽ കോളനിയുടെ പ്രഖ്യാപന ഉദ്ഘാടനം ഇന്ന് വൈകീട്ട് മൂന്നിന് പൂത്തറക്കൽ കമ്മ്യൂണിറ്റി ഹാളിൽ മന്ത്രി എ.കെ. ബാലൻ നിർവഹിക്കും. ഗീത ഗോപി എം.എൽ.എ അദ്ധ്യക്ഷയാകും. ടി.എൻ. പ്രതാപൻ എം.പി മുഖ്യ പ്രഭാഷണം നടത്തും. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കളക്ടർ എസ്. ഷാനവാസ് എന്നിവർ മുഖ്യാതിഥികളാകും.

32 ലക്ഷം രൂപ ചെലവിൽ പ്രദേശത്തെ കുടിവെള്ള വിതരണ പദ്ധതി, 92 വീടുകളിലേക്ക് പുതിയ പൈപ്പ് ലൈൻ, ബറിയൽ ഗ്രൗണ്ട്, നഴ്‌സറി സ്കൂൾ, കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലേക്ക് വാട്ടർ കണക്‌ഷൻ, വീടുകളിലേക്ക് വാട്ടർ ടാങ്ക്, കമ്യൂണിറ്റി ഹാൾ നവീകരണത്തിന്റെ ഭാഗമായി ട്രസ്, കിണർ റിചാർജിംഗ് വർക്ക്, സ്റ്റീൽ ഡൈനിംഗ് ടേബിൾ, പാത്രങ്ങൾ, ചുറ്റുമതിൽ എന്നിവയുടെ നിർമാണ പ്രവൃത്തികളും ഉപയോഗ സാധന സാമഗ്രികളും 29 ലക്ഷം രൂപ ചെലവിൽ സന്നദ്ധമാക്കി.

1.92 ലക്ഷം രൂപ ചെലവിൽ മൂന്ന് വീടുകളുടെ സംരക്ഷണഭിത്തി നിർമ്മാണം, 2.69 ലക്ഷം രൂപ ചെലവിൽ ശ്മശാന നവീകരണം, 2.69 ലക്ഷം രൂപ ചെലവിൽ കമ്മ്യൂണിറ്റി ഹാളിന്റെ മുൻവശത്തായി സോളാർ മിനി മാസ്റ്റ് ലൈറ്റ്, എട്ട് ലക്ഷം രൂപ ചെലവിൽ നഴ്‌സറി സ്‌കൂളിന്റെ നവീകരണം, 20 ലക്ഷം രൂപ ചെലവിൽ പ്രദേശത്തെ 25 വീടുകളുടെ അറ്റകുറ്റപ്പണികൾ, 1.70 ലക്ഷം രൂപ ചെലവിൽ 4 പൊതുകിണർ നവീകരണം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പൂർത്തികരിച്ചിട്ടുള്ളത്.

ഗീത ഗോപി എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 5.95 ലക്ഷം രൂപ ചെലവിൽ റോഡ് നിർമ്മാണം, കാനകൾക്ക് മുകളിൽ സ്ലാബിടൽ തുടങ്ങിയ നിർമാണ പ്രവൃത്തികളും നടന്നിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ഗീത ഗോപി എം.എൽ.എ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സരള, വൈസ് പ്രസിഡന്റ് പി.ടി. സണ്ണി, പഞ്ചായത്ത് അംഗം എ.വി. ലൗലി, ജില്ലാ പട്ടികജാതി വികസന ആഫീസർ കെ. സന്ധ്യ എന്നിവർ പങ്കെടുത്തു.